ഫിസിയോ തെറാപ്പിസ്റ്റുകള്‍ 'ഡോക്ടര്‍' എന്ന് ഉപയോഗിക്കരുത്: ഹൈക്കോടതി

കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും പേരിന് മുന്നിൽ 'ഡോക്ടർ' എന്ന് ചേർക്കുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി. അംഗീകൃത മെഡിക്കൽ ബിരുദമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർദേശം. തെറാപ്പിസ്റ്റുകൾ ഈ വിശേഷണം ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പാക്കണമെന്ന് ഇടക്കാല ഉത്തരവിൽ ജസ്റ്റിസ് വിജി അരുൺ നിർദേശിച്ചു.


തെറാപ്പിസ്റ്റുകൾ 'ഡോക്ടർ' എന്ന് ചേർക്കുന്നത് 1916-ലെ ഇന്ത്യൻ മെഡിക്കൽ ഡിഗ്രീസ് ആക്ട് പ്രകാരം ശരിയല്ലെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശവും കോടതി ചൂണ്ടിക്കാട്ടി. സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.


തെറാപ്പിസ്റ്റുകൾ 'ഡോക്ടർ' എന്ന് ചേർക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിൽ നാഷണൽ മെഡിക്കൽ കമ്മീഷനും ഹൈക്കോടതി നോട്ടീസയച്ചു. കേസ് ഡിസംബർ ഒന്നിന് വീണ്ടും പരിഗണിക്കും.


നേരത്തെ, ഫിസിയോതെറാപ്പിസ്റ്റുകളെ ഡോക്ടർ എന്ന് വിശേഷിപ്പിക്കുന്നതു വിലക്കിക്കൊണ്ട് കേന്ദ്ര സർക്കാർ നൽകിയ ഉത്തരവ് മണിക്കൂറുകൾക്കകം പിൻവലിച്ചിരുന്നു. ഫിസിയോതെറാപ്പിസ്റ്റുകൾ ഡോക്ടർ എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് എന്ന് വ്യക്തമാക്കി സെപ്തംബർ 9 നാണ് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസ് (ഡിജിഎച്ച്എസ്) ഉത്തരവിറക്കിയത്. ഫിസിയോ തെറാപ്പിസ്റ്റുകൾ ഡോക്ടർ എന്ന വിശേഷണം ഉപയോഗിക്കുന്നത് തടയണം എന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിരന്തര ആവശ്യം പരിഗണിച്ചായിരുന്നു നടപടി. ഇതിനെതിരെ ഫിസിയോ തെറാപിസ്റ്റുകളുടെ സംഘടനകൾ നിവേദനം നൽകിതോടെ മണിക്കൂറുകൾക്കകം ഉത്തരവ് പിൻവലിക്കുകയായിരുന്നു. എന്നാൽ, വിഷയത്തിൽ കൂടുതൽ പരിശോധന ആവശ്യമാണ് വ്യക്തമാക്കി സെപ്തംബർ പത്തിന് പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു.

Previous Post Next Post