ശബരിമല സ്വർണക്കൊള്ളയില്‍ എസ്‌ഐടി തന്ത്രിമാരുടെ മൊഴിയെടുത്തു. കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
പോറ്റിയെ അറിയാമെന്നാണ് ഇരുവരുടെയും മൊഴി. പ്രാഥമിക വിവര ശേഖരണമെന്ന് എസ്‌ഐടി വ്യക്തമാക്കി. മൊഴി വിശദമായി പരിശോധിക്കും.
അതേസമയം കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിൻ്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയില്‍ അപേക്ഷ സമർപ്പിച്ചിരുന്നത്. തട്ടിപ്പിന്‍റെ തുടക്കം പത്മകുമാറില്‍ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ തട്ടിപ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് എസ്‌ഐ ടിയുടെ കണക്കുകൂട്ടല്‍. കേസില്‍ അറസ്റ്റിലായ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിന്‍റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും.
മുരാരി ബാബുവിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. താൻ തെറ്റുകാരനല്ലെന്നും ബോർഡ് അംഗങ്ങളുടെ നിർദേശപ്രകാരം നടപടികള്‍ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മുരാരി ബാബു കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. സ്വർണ്ണപ്പാളികളെ ചെമ്ബെന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവാണ്. കേസില്‍ അന്നത്തെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരില്‍ ആദ്യമായി അറസ്റ്റിലായത് മുരാരി ബാബുവായിരുന്നു.
ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യാപേക്ഷയെ എതിർത്ത് എസ്‌ഐടി കോടതിയില്‍ നിലപാട് അറിയിക്കും. ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഇന്നലെ വിഷയം പരിഗണിച്ചിരുന്നെങ്കിലും അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ കൂടി ജയശ്രീക്കെതിരെ ചുമത്തിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ബന്ധപ്പെട്ട ബെഞ്ചിലേക്ക് കേസ് മാറ്റാൻ കോടതി റജിസ്ട്രിക്ക് നിർദേശം നല്‍കി.
ഇതേതുടർന്നാണ് ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഹരജി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. ദ്വാരപാലക ശില്‍പ്പ പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടണമെന്ന് മിനുട്സില്‍ രേഖപ്പെടുത്തിയത് ജയശ്രീ ആണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. അഴിമതി നിരോധന പ്രകാരമുള്ള വകുപ്പുകള്‍ കൂടി ചുമത്തുന്നത് പരിശോധിക്കാൻ, പ്രത്യേക അന്വേഷണ സംഘത്തിന് നേരത്തെ ദേവസ്വം ബെഞ്ച് നിർദ്ദേശം നല്‍കിയിരുന്നു. തുടർന്നാണ് അത്തരം വകുപ്പുകള്‍ കൂടി ചുമത്തിയതായി പ്രോസിക്യൂഷൻ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. എന്നാല്‍ താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്നും ബോർഡ് തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയ്തത് എന്നുമാണ് ജയശ്രീയുടെ വാദം.