കോട്ടയത്തുനിന്നും വാങ്ങി കൊച്ചിയില്‍ വിൽക്കാനായി സ്കൂട്ടറിൽ കൊണ്ടുവന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ

എറണാകുളം ചിത്രപുഴയില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. തിരുവാങ്കുളം സ്വദേശി അക്ഷയ് രാജ്(26) ആണ് പിടിയിലായത്.

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന 87.38 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തു. കോട്ടയത്തുനിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയില്‍ വില്‍ക്കുന്നതിനായി കൊണ്ടുവരികയായിരുന്നു പ്രതിയെന്ന് എക്സൈസ് പറഞ്ഞു. എറണാകുളം സർക്കിള്‍ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സേതുലക്ഷ്മിയുടെ നേതൃത്വത്തില്‍ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് ടീമും കൂടി ചേർന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസർ പ്രദീപ്കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ആഷ്‌ലി, പ്രതീഷ്, സിവില്‍ എക്സൈസ് ഓഫീസർ സുധീഷ്, വനിത സിവില്‍ എക്സൈസ് ഓഫീസർ രജിത എന്നിവരും പങ്കെടുത്തു.

കഴിഞ്ഞ ദിവസം കാസർകോട് ഹൊസ്ദുർഗിലും മയക്കുമരുന്ന് ഗുളികകളുമായി ഒരു യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മാടായി സ്വദേശി ഫിറാഷ്.പി(34) എന്നയാളാണ് പിടിയിലായത്. 7.965 ഗ്രാം ട്രമഡോള്‍ ഗുളികകളും, 22.296 ഗ്രാം നൈട്രാസെപ്പം ഗുളികകളും ഇയാളില്‍ നിന്നും കണ്ടെടുത്തു. ഹോസ്ദുർഗ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഷ്ണുകുമാർ.ഈ.വി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രാജീവൻ, സിവില്‍ എക്സൈസ് ഓഫീസർമാരായ അനീഷ്.കെ.വി, അജൂബ്, വനിത സിവില്‍ എക്സൈസ് ഓഫീസർമാരായ ശാന്തികൃഷ്ണ, ശുഭ, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ സുധീർകുമാർ എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.
Previous Post Next Post