ബിഹാറിന്റെ ജനമനസ്സ് നാളെയറിയാം;എക്‌സിറ്റ് പോളുകളിൽ പ്രതീക്ഷയർപ്പിച്ച് എൻഡിഎ, അട്ടിമറി കാത്ത് മഹാസഖ്യം

പട്‌ന: നിതീഷ് കുമാറിന്റെ ബിഹാർ ഭരണത്തിന് തുടർച്ചയുണ്ടാകുമോ, അതോ തേജസ്വി യാദവ് പുതിയ യാത്ര ആരംഭിക്കുമോയെന്നത് നാളെ അറിയാം. രണ്ട് ഘട്ടങ്ങളായി നടന്ന ബിഹാർ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ടുമണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ പൂർണ ചിത്രം അറിയാൻ കഴിയും. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.


കഴിഞ്ഞദിവസങ്ങളിലായി പുറത്തുവന്ന എക്‌സിറ്റു പോളുകളെല്ലാം എൻഡിഎയ്ക്ക് അനുകൂലമാണ്. എന്നാൽ വോട്ടെണ്ണുമ്പോൾ ചിത്രം മാറുമെന്നാണ് ഇന്ത്യസഖ്യ നേതാക്കൾ പറയുന്നത്. ഇത്തവണ റെക്കോർഡ് പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 71 ശതമാനം സ്ത്രികൾ വോട്ട് രേഖപ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. 1951ന് ശേഷം സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും ഉയർന്ന പോളിങ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായത്.


ആക്‌സിസ് മൈ ഇന്ത്യ, ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ പ്രകാരം എൻഡിഎ 121-141 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. 98-118 സീറ്റ് വരെ ഇന്ത്യാസഖ്യം നേടും. മറ്റുള്ളവർക്ക് 15 സീറ്റ് ലഭിക്കും. ടുഡേയ്‌സ് ചാണക്യയുടെ പ്രവചനം അനുസരിച്ച് എൻഡിഎയ്ക്ക് 160 സീറ്റുകൾ ലഭിക്കും. ആർജെഡിക്ക് 77. മറ്റുള്ളവർക്ക് 6 എന്നിങ്ങനെയാണ്. ആകെ വോട്ടുവിഹിതത്തിൽ എൻഡിഎയ്ക്ക് ഇത്തവണ 43 ശതമാനം വോട്ട് ലഭിക്കുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. മഹാസഖ്യത്തിന് 41 ശതമാനം വോട്ടുവിഹിതം ലഭിക്കുമെന്നും എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു. 243 സീറ്റുകളുള്ള ബിഹാർ നിയമസഭയിൽ 122 സീറ്റുകൾ നേടിയാൽ സർക്കാർ രൂപവത്കരിക്കാം.

Previous Post Next Post