ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് എസ് പി ശശിധരന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്മകുമാറിനെ ഉടൻ കൊല്ലം വിജിലൻസ് കോടതിയിലേക്ക് കൊണ്ടുപോകും.
ആറന്മുളയിലെ വീട്ടില്‍ നിന്ന് പത്മകുമാര്‍ രാവിലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇന്ന് തലസ്ഥാനത്ത് എത്തിച്ചേരാന്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് പത്മകുമാറിനോട് എസ് ഐ ടി ആവശ്യപ്പെട്ടത്. തുടര്‍ന്ന് എസ് ഐ ടി സംഘം ചോദ്യം ചെയ്തു.
2019ല്‍ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സമയത്ത് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ ആയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ പത്മകുമാർ നിർബന്ധിച്ചതായി ദേവസ്വം ജീവനക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഉന്നതനാണ് പത്മകുമാർ. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവും നേരത്തെ അറസ്റ്റിലായിരുന്നു.