ന്യൂഡൽഹി: കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെച്ചൊല്ലി ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ, കെ സി വേണുഗോപാൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പദവി ഒഴിഞ്ഞ് സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിപ്പോർട്ടുകൾ. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ പുനഃസംഘടന ഉണ്ടാകുമെന്നാണ് സൂചന. പാർട്ടിയിലെ അഴിച്ചുപണിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആസ്ഥാനത്ത് ഊർജ്ജിതമായ ചർച്ചകളാണ് നടക്കുന്നത്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ.
അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ലക്ഷ്യമിട്ട് കെസി വേണുഗോപാൽ കൂടി എത്തുന്നത്. സംസ്ഥാനത്ത് നിരവധി നേതാക്കൾ പാർട്ടിക്ക് ഇപ്പോഴുണ്ടെന്ന് പറയുമ്പോഴും, യുഡിഎഫ് വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനും കണ്ണുണ്ടെന്നാണ് കോൺഗ്രസ് അകത്തളങ്ങളിലെ വർത്തമാനം. കേരളത്തിലെ പാർട്ടി പുനഃസംഘടനയിൽ കെ സി വേണുഗോപാൽ പക്ഷം പിടിമുറുക്കുകയും ചെയ്തിരുന്നു.
ബിഹാറിൽ നവംബർ 14 നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നത്. ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തെ കോൺഗ്രസും ആർജെഡിയും അടങ്ങുന്ന മഹാസഖ്യം വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ബിഹാറിൽ തിരിച്ചടി നേരിട്ടാൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനും ക്ഷീണമാണ്. രാഹുൽഗാന്ധിയും കെ സി വേണുഗോപാലും അടക്കമുള്ള ദേശീയ നേതാക്കളാണ് ബിഹാർ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കിയത്. കർണാടകയിലെ സിദ്ധരാമയ്യ- ഡി കെ ശിവകുമാർ നേതൃത്വ തർക്കമാണ് കോൺഗ്രസ് ഹൈക്കമാൻഡ് നേരിടുന്ന മറ്റൊരു വെല്ലുവിളി.
കോൺഗ്രസ് ദേശീയ നേതൃനിരയിലേക്ക് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് കൂടുതൽ കരുത്തോടെ മടങ്ങി വരുമെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിൽ സഖ്യ ചർച്ചകൾ വഴിമുട്ടിയപ്പോൾ പ്രശ്‌നപരിഹാരകനായി എത്തിയതും ഗെഹലോട്ടാണ്. കെ സി വേണുഗോപാൽ ഒഴിഞ്ഞാൽ കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി പദവിയിലേക്കു വരെ അശോക് ഗെഹലോട്ട് പരിഗണിക്കപ്പെട്ടേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
