വിമതനായി മത്സരരം​ഗത്ത്; ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് ശ്രീകണ്ഠനെ സിപിഎം പുറത്താക്കി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠനെ സിപിഎമ്മിൽ നിന്നും പുറത്താക്കി. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലമായ കഴക്കൂട്ടത്തെ ഉള്ളൂർ വാർഡിലാണ് വിമതനായി ശ്രീകണ്ഠൻ മത്സരിക്കുന്നത്. സിപിഎം ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.




കടകംപള്ളി സുരേന്ദ്രനോടുള്ള പ്രതിഷേധസൂചകമായാണ് പാർട്ടി സ്ഥാനാർത്ഥിക്കെതിരേ സ്വതന്ത്രനായി മത്സരിക്കുന്നതെന്നാണ് ശ്രീകണ്ഠൻ വ്യക്തമാക്കിയത്. ഉള്ളൂർ വാർഡിൽ താനാണ് സ്ഥാനാർത്ഥിയെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ അവസാന നിമിഷം മറ്റൊരാൾക്ക് സീറ്റു നൽകുകയായിരുന്നു. തന്റെ മത്സരം പാർട്ടിക്കെതിരേയല്ലെന്നും ചില വ്യക്തികൾക്കെതിരേയാണെന്നും ശ്രീകണ്ഠൻ പറഞ്ഞു.


ശ്രീകണ്ഠനെതിരേ നടപടിയുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി നേരത്തേ വ്യക്തമാക്കിയിരുന്നു. കാരണംകാണിക്കൽ നോട്ടീസ് നൽകാതെയാണ് തന്നെ പുറത്താക്കിയതെന്ന് ശ്രീകണ്ഠൻ പറഞ്ഞു. 31 വർഷം ദേശാഭിമാനിയിൽ പ്രവർത്തിച്ച ശ്രീകണ്ഠൻ, 2022-ലാണ് ബ്യൂറോ ചീഫായി വിരമിക്കുന്നത്. 40 വർഷത്തിലേറെയായി സിപിഎം അംഗമാണ്.

Previous Post Next Post