തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യുവതിയെ മൂന്നു സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്തുവെന്ന് എഫ്‌ഐആർ. പാലക്കാട്ട് എത്തിച്ചും പീഡിപ്പിച്ചു. തിരുവനന്തപുരത്ത് വെച്ചും ബലാത്സംഗം ചെയ്തു. യുവതിയുടെ നഗ്നദൃശ്യങ്ങൾ രാഹുൽ പകർത്തി. ഈ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഗർഭച്ഛിദ്രത്തിന് വിസമ്മതിച്ചപ്പോഴും നഗ്നദൃശ്യങ്ങൾ ഉള്ള കാര്യം പറഞ്ഞ് രാഹുൽ ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
യുവതിയെ നിർബന്ധമായി ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും എഫ്‌ഐആറിൽ പറയുന്നു. സുഹൃത്ത് വഴിയാണ് ഗർഭനിരോധന ഗുളിക എത്തിച്ചു നൽകിയതെന്ന് യുവതി മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുണ്ടായാൽ രാഷ്ട്രീയ ഭാവി നശിക്കുമെന്ന് പറഞ്ഞാണ് ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചത്. എതിർത്തപ്പോൾ ചീത്ത വിളിച്ചു, കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. സുഹൃത്ത് എത്തിച്ച ഗുളിക കഴിച്ചോയെന്ന് വീഡിയോകോൾ ചെയ്ത് രാഹുൽ ഉറപ്പാക്കിയെന്നും യുവതി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു.
20 പേജുള്ള മൊഴിയാണ് യുവതി പൊലീസിന് നൽകിയിട്ടുള്ളത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫിനെയും പ്രതി ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാനം വിടുന്നത് തടയാനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിൽ അടക്കം നോട്ടീസ് കൈമാറിയിട്ടുണ്ട്. യുവതി പരാതി നൽകിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. രാഹുൽ സംസ്ഥാനം വിട്ടതായും അഭ്യൂഹം ഉയർന്നിരുന്നു.
