'വാസവന്റെ നിലപാട് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റേത്, സ്വർണക്കൊള്ളയിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ'

 


തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കോടതിയിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുൻ ദേവസ്വം കമ്മിഷണർ എൻ. വാസുവിന്റേത് രാഷ്ട്രീയ നിയമനമായിരുന്നുവെന്നും വാസു പ്രതിയാകുന്നത്തോടെ മുഖ്യമന്ത്രിയും സർക്കാരും മറുപടി പറയണമെന്നും സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെ ആവശ്യപ്പെട്ടു


അന്താരാഷ്ട്ര മാർക്കറ്റിൽ നടക്കുന്നതിന് സമാനമായ കുറ്റകൃത്യമാണ് ശബരിമലയിൽ നടന്നത്. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങൾ തന്നെയാണ് കോടതി ആവർത്തിച്ചത്. ആരോപണ മുനയിലുള്ള ദേവസ്വം ബോർഡ് പ്രസിഡന്റിനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അന്വേഷണ സംഘത്തിന് മേൽ സമ്മർദമുണ്ടെന്നും സതീശൻ ആരോപിച്ചു.


കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന ദേവസ്വം മന്ത്രി വിഎൻ വാസവന്റെ നിലപാട് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റേതിന് സമാനമാണെന്നും സതീശൻ പറഞ്ഞു. പോക്കറ്റടിച്ച പേഴ്സ് കീശയിലുള്ളപ്പോൾ ആ ആൾ തന്റെ പോക്കറ്റടിച്ചുവെന്ന് പറയുന്നപോലെയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കേരളത്തിലെ ആരോഗ്യ മേഖലയുടെ സിസ്റ്റം തകർന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരിച്ച വേണുവെന്നും വിഡി സതീശൻ പറഞ്ഞു. ആറു ദിവസം വേണു ആശുപത്രിയിൽ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. ആരോഗ്യമന്ത്രി സ്വയം രാജിവെച്ച് ഇറങ്ങി പോകണം. അപകടകരമായ രീതിയിലേക്കാണ് ആരോഗ്യരംഗം പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തിലെ ആരോഗ്യ രംഗം വെന്റിലേറ്ററിലാണ്. സിസ്റ്റം തകരാറിലാണെന്ന് ആരോഗ്യ മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. ആ സിസ്റ്റം തകരാറിലാക്കിയതിന്റെ പ്രധാന ഉത്തരവാദി ആരോഗ്യ മന്ത്രി തന്നെയാണെന്നും സതീശൻ പറഞ്ഞു.വല്ലപ്പോഴും സർക്കാർ ആശുപത്രികളിൽ ഉണ്ടായിക്കൊണ്ടിരുന്ന കാര്യങ്ങൾ നിരന്തരം ഇപ്പോൾ സംഭവിക്കുന്നു. ഉപകരണങ്ങൾ ഇല്ലാത്ത അവസ്ഥയാണ്. ഒരുപാട് പ്രശ്‌നങ്ങൾ ആരോഗ്യ മേഖലയിൽ നിറഞ്ഞുനിൽക്കുന്നു. ഈ സർക്കാരിന്റെ കാലത്ത് ആരോഗ്യ മേഖല തകർന്ന് തരിപ്പണമായി. ആരോഗ്യമന്ത്രി സ്വയം രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Previous Post Next Post