ശബരിമല സ്വർണ്ണക്കവർച്ച കേസില്‍ സർക്കാരിനെ പ്രതിരോധത്തിലാക്കി അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴി.
സ്വർണ്ണപ്പാളി അറ്റകുറ്റപ്പണി നടത്തുന്നതിനായി കൊണ്ടുപോകുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ദേവസ്വം മന്ത്രിക്ക് നല്കിയ അപേക്ഷയാണ് ദേവസ്വം ബോർഡിന് കൈമാറിയതെന്നാണ് എ പത്മകുമാര്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.
സ്വർണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാനായി ഉണ്ണികൃഷ്ണൻ പോറ്റി ആദ്യം അപേക്ഷ നല്‍കിയത് ദേവസ്വം ബോർഡിലോ ബോർഡ് ഉദ്യോഗസ്ഥരുടെ പക്കലോ അല്ല സർക്കാരിനാണ്. ആ അപേക്ഷയാണ് ദേവസ്വം ബോർഡിലേക്ക് എത്തിയത്. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവർ അറിയാതെ അപേക്ഷ ദേവസ്വം ബോർഡിലേക്ക് എത്തില്ല. ആ അപേക്ഷയിന്മേലാണ് ദേവസ്വം ബോർഡ് ഭരണസമിതി തുടർനടപടി സ്വീകരിച്ചത്. ഫയല്‍നീക്കം നടത്തിയതെല്ലാം ഉദ്യോഗസ്ഥരാണെന്നും പത്മകുമാർ നല്കിയ മൊഴിയില്‍ പറയുന്നു.
സർക്കാർ അനുമതിയോടെയെന്ന് ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പത്മകുമാർ മൊഴിയില്‍ വ്യക്തമാക്കുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടതില്‍ സർക്കാർ ഇടപെടല്‍ ഉണ്ടായോ എന്നു പരിശോധിക്കാനാണ് മുൻമന്ത്രിയായ കടകംപള്ളിയെ ചോദ്യം ചെയ്യുന്നത്. പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്തശേഷം കടകംപള്ളി സുരേന്ദ്രന് നോട്ടിസ് നല്‍കാനാണ് തീരുമാനം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുമായി പരിചയം ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സ്വർണക്കൊള്ളയെക്കുറിച്ച് അറിവുണ്ടായിരുന്നോ, അതോ മുന്നിലെത്തിയ നിവേദനം ബോർഡിനു കൈമാറുക മാത്രമാണോ മുൻമന്ത്രി ചെയ്തതെന്ന് എസ്ഐടി പരിശോധിക്കുന്നുണ്ട്.