കൊച്ചിയിലെ ബാറില്‍ മദ്യപിക്കുന്നതിനിടെ യുവതിയും അടുത്ത സീറ്റിലെ ആളുമായി തര്‍ക്കം; പുറത്തിറങ്ങി കാറില്‍ നിന്നും വടിവാളെടുത്ത് യുവതിയും സംഘവും, അറസ്റ്റ്

വൈറ്റിലയിലെ ബാറില്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയ സംഘം പിടിയില്‍.

ഒരു യുവതി ഉള്‍പ്പെടെ മൂന്ന് പേരെയാണ് മരട് പൊലീസ് പിടികൂടിയത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

തിരുവനന്തപുരം സ്വദേശി അലീന, കൊല്ലം സ്വദേശികളായ ഷഹിൻ ഷാ, അല്‍ അമീൻ എന്നിവരെയാണ് മരട് പൊലീസ് പിടികൂടിയത്. ഞായറാഴ്‌ച രാത്രി വൈറ്റില കണ്ണാടിക്കാടുള്ള ബാറില്‍ മദ്യപിക്കുന്നതിനിടെ അലീനയും അടുത്ത സീറ്റിലിരുന്ന മധ്യവയസ്കനും തമ്മില്‍ തർക്കമുണ്ടായി. ബാർ ജീവനക്കാർ ഇടപെട്ടു. തർക്കവും കയ്യാങ്കളിയും ബാറിന് പുറത്തേക്കും നീണ്ടു. കാറിനടുത്തേക്ക് പോയ അലീനയും സുഹൃത്തുക്കളും തിരികെ എത്തിയത് വടിവാളുമായാണ്.

ബാർ ജീവനക്കാർ നല്‍കിയ പരാതിയില്‍ 4 പേർക്ക് എതിരെ കേസ് എടുത്തു. സംഘം ബാർ ജീവനക്കാരനെ മർദിച്ചെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും പരാതിയില്‍ പറയുന്നു. വടിവാള്‍ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശി വൈഷ്ണവ് ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ് മരട് പൊലീസ്.
Previous Post Next Post