ബിഹാറിന്റെ ജനവിധി ഇന്നറിയാം

രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഇന്ന്. വിജയഭേരി മുഴക്കി അധികാരത്തിലേറുക ആരാകുമെന്ന ജനവിധി ഇന്നറിയാം.

ഇന്ന് (വെള്ളി) രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. പത്ത് മണിയോടെ ട്രെൻഡ് വ്യക്തമാകും. പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത് സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എൻ ഡി എ ഭരണം തുടരുമെന്നാണ്. ഒരു സർവേയും മഹാസഖ്യത്തിന് കേവലഭൂരിപക്ഷം പ്രവചിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആർ ജെ ഡി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചിക്കുന്ന സർവെ ഫലങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും മഹാസഖ്യത്തിന് ഭരണം കിട്ടുമെന്ന് ആരും പ്രവചിച്ചിട്ടില്ല. എന്നാല്‍ തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് 34 മുതല്‍ 37 ശതമാനം വരെയാളുകള്‍ താല്‍പര്യപ്പെടുന്നു എന്നാണ് വിവിധ സർവെകള്‍ പറയുന്നത്. പ്രശാന്ത് കിഷോറിന്‍റെ ജൻസുരാജ് പാർട്ടിക്ക് ഒരു ചലനവും ഉണ്ടാക്കാൻ കഴിയില്ലെന്നും സർവേകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കടുത്ത മത്സരമെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചനം

ഏറ്റവും ഒടുവില്‍ പുറത്തുവന്ന ആക്സിസ് മൈ ഇൻഡ്യ എക്സിറ്റ് പോള്‍ ഫലവും ബിഹാർ തെരഞ്ഞെടുപ്പില്‍ എൻ ഡി എക്ക് മുൻതൂക്കം പ്രവചിക്കുന്നതാണെങ്കിലും കടുത്ത മത്സരമെന്ന സൂചനയും നല്‍കുന്നുണ്ട്. വിവിധ വിഭാഗങ്ങളിലായി നടത്തിയ സർവേയുടെ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ 43% വോട്ടർമാരുടെ പിന്തുണ എൻ ഡി എക്കാണ്. 41 ശതമാനത്തിന്‍റെ പിന്തുണയാണ് മഹാസഖ്യത്തിന് പ്രവചിക്കുന്നത്. വോട്ടർമാരില്‍ പുരുഷന്മാരുടെ പിന്തുണ കൂടുതല്‍ മഹാസഖ്യത്തിന് പ്രവചിക്കുമ്ബോള്‍ സ്ത്രീകള്‍ എൻ ഡി എക്കൊപ്പമാണ്. ജാതി തിരിച്ചുള്ള കണക്കില്‍ എൻ ഡി എയാണ് മുന്നില്‍. തൊഴില്‍രഹിതർ, വിദ്യാർത്ഥികള്‍ തുടങ്ങിയവർ മഹാസഖ്യത്തിനൊപ്പം നില്‍ക്കുമ്ബോള്‍, സർക്കാർ ഉദ്യോഗസ്ഥർ, സർക്കാർ പദ്ധതികളുടെ പ്രയോജനം ലഭിച്ച സ്ത്രീകള്‍, സ്വകാര്യ ജീവനക്കാർ തുടങ്ങിയവരുടെ പിന്തുണ എൻ ഡി എക്കൊപ്പമാണ്. ഗ്രാമപ്രദേശങ്ങളിലും, നഗരങ്ങളിലും എൻ ഡി എ മുന്നേറ്റമാണ് കാണുന്നത്. പ്രശാന്ത് കിഷോറിന്‍റെ ജൻസുരാജ് പാർട്ടിക്ക് 4 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ആക്സിസ് മൈ ഇൻഡ്യ എക്സിറ്റ് പോള്‍ നല്‍കുന്നത്. എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളെയും തേജസ്വി യാദവ് തള്ളിയിരുന്നു.

ഭരണമാറ്റത്തിന്‍റെ സൂചനയെന്ന് മഹാ സഖ്യം

ബിഹാർ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം ഉയർന്നത് ഭരണമാറ്റത്തിന്‍റെ സൂചനയാണെന്നാണ് മഹാ സഖ്യം വാദിക്കുന്നത്. എന്നാല്‍ എൻ ഡി എ സർക്കാരിന് വൻ ഭൂരിപക്ഷം ജനങ്ങള്‍ നല്‍കുകയാണെന്നാണ് ബി ജെ പി അവകാശപ്പെട്ടത്. ബിഹാർ കാണാൻ പോകുന്നത് എക്സിറ്റ് പോളുകള്‍ക്കുമപ്പുറത്തെ വലിയ മാറ്റമാണെന്ന് ജൻസുരാജ് നേതാവ് പ്രശാന്ത് കിഷോർ പ്രതികരിച്ചത്.
Previous Post Next Post