തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച കെ സുധാകരനെ പരോക്ഷമായി തള്ളിപ്പറഞ്ഞ് കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിലിന് പാർട്ടി നേതാക്കളോടൊപ്പം വേദി പങ്കിടാനോ, പാർട്ടി നടപടിക്രമങ്ങളിൽ പങ്കെടുക്കാനോ അവകാശമില്ല. അദ്ദേഹം സസ്‌പെൻഷനിലാണ്. രാഹുലിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അന്വേഷണം പൂർത്തിയായി റിപ്പോർട്ട് വരട്ടെ. റിപ്പോർട്ട് ലഭിച്ചശേഷം പാർട്ടി നടപടിയെടുക്കും. അന്വേഷണം സർക്കാർ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല. അന്വേഷണം അനിശ്ചിതമായി നീണ്ടു പോകുകയാണെങ്കിൽ, ഇത്ര നാളുകൾക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിന് കോടതിയെ സമീപിക്കാവുന്നതാണെന്ന് കെ മുരളീധരൻ പറഞ്ഞു.
താൻ ജനപ്രതിനിധിയാണെന്നും, ഈ പുകമറ നിലനിൽക്കുന്നതിനാൽ ജനപ്രതിനിധി എന്ന നിലയിൽ പ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ട്. അതിനാൽ നിരപരാധിത്വം തെളിയിക്കാൻ ഇത്രയും മാസത്തിനോ, ദിവസത്തിനോ അകം അന്വേഷണം പൂർത്തീകരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിന് കോടതിയെ സമീപിക്കാൻ കഴിയും. അതൊക്കെ നിയമത്തിന്റെ വഴിക്ക് നടക്കട്ടെ. അതേസമയം പാർട്ടിയെ സംബന്ധിച്ചിടത്തോളം രാഹുൽ പുറത്താണ് നിൽക്കുന്നത്.
അതിനാൽ അദ്ദേഹത്തിനെതിരെ കൂടുതൽ നടപടി സ്വീകരിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുരളീധരൻ പറഞ്ഞു. സ്ഥാനാർത്ഥികൾക്ക് വേണ്ടി ആർക്കും വോട്ടു പിടിക്കാൻ അവകാശമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യക്തിപരമായി ബന്ധമുള്ള നിരവധി പേർ സ്ഥാനാർത്ഥിക്ക് വോട്ടു തേടി ഇറങ്ങാറുണ്ട്. അസംബ്ലി തെരഞ്ഞെടുപ്പിൽ സഹായിച്ചവർ ഇപ്പോൾ ഇലക്ഷനിൽ നിൽക്കുമ്പോൾ അവർക്കു വേണ്ടി രാഹുൽ മാങ്കൂട്ടത്തിൽ വീടുകളിൽ പോയി പ്രചാരണം നടത്തുന്നതിൽ തെറ്റൊന്നുമില്ലെന്നും, അത് പാർട്ടിപരമായിട്ടുള്ളതല്ലെന്നും കെ മുരളീധരൻ പറഞ്ഞു.
തെറ്റ് ആരു ചെയ്താലും ശിക്ഷിക്കപ്പെടണം. ധൈര്യമായിട്ട് പെൺകുട്ടി എഴുതിക്കൊടുക്കണം. സമൂഹത്തിന്റെ പ്രൊട്ടക്ഷൻ എന്തായാലും ആ കുട്ടിക്ക് ഉണ്ടാകും. ആരാണെങ്കിലും പുകമറയിൽ നിർത്തുന്നത് ശരിയല്ല. ആളെ പുറത്തു കാണാതെ ആരോപണങ്ങൾ മാത്രം, അത് നല്ലൊരു രീതിയല്ല. ധൈര്യമായി പെൺകുട്ടി പരാതിയുമായി മുന്നോട്ടു പോകണം. അങ്ങനെയുണ്ടെങ്കിൽ സമൂഹം എല്ലാ പിന്തുണയും ആ കുട്ടിക്ക് നൽകുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
