ന്യൂഡൽഹി: കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. കേരളത്തോടൊപ്പം പിറവി ആഘോഷിക്കുന്ന മറ്റ് നാല് സംസ്ഥാനങ്ങൾക്കും അമിത് ഷാ ആശംസ അറിയിച്ചു.
''ആഗോളതലത്തിൽ വൈവിധ്യമാർന്ന മേഖലകളിൽ മികവ് പുലർത്തുന്നവരും, സർഗ്ഗാത്മകതയ്ക്കും നൂതനാശയങ്ങൾക്കും പേരുകേട്ടതുമായ ഒരു സംസ്ഥാനമാണിത്. സംസ്ഥാനത്തിന്റെ മനോഹരമായ ഭൂപ്രകൃതിയും നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകവും ഇന്ത്യയുടെ ഊർജ്ജസ്വലമായ സാംസ്‌കാരിക മഹത്വത്തെ പ്രതിഫലിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് എപ്പോഴും നല്ല ആരോഗ്യവും വിജയവും ഉണ്ടാകട്ടെ.'', പ്രധാനമന്ത്രി പറഞ്ഞു.
കേരളം, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളുടെ പിറവി ദിനമാണ് നവംബർ 1. പിറവി ആഘോഷിക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശംസകൾ നേർന്നു. സംസ്ഥാനങ്ങൾ പൊതുജനക്ഷേമം, ശുചിത്വം, സമൃദ്ധി എന്നിവയിലേയ്ക്ക് പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളുടെ അഭിവൃദ്ധിക്കും മഹത്വത്തിനും വേണ്ടി പ്രാർഥിക്കുന്നുവെന്ന് അമിത് ഷാ എക്‌സിൽ കുറിച്ചു. ഛത്തീസ്ഗഢിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന അമിത് ഷാ സംസ്ഥാനത്തിന്റെ വികസനത്തിനും ക്ഷേമത്തിനും തടസമായ നക്‌സലിസം ഇല്ലാതാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. സംസ്ഥാനത്തും രാജ്യത്തും നക്‌സലിസം അവസാന ശ്വാസത്തിലാണ്. 2026 മാർച്ച് 31 ഓടെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നക്‌സലിസത്തെ പൂർണമായും ഇല്ലാതാക്കുകയും ഛത്തീസ്ഗഢിൽ വികസനത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയും ചെയ്യും, അമിത് ഷാ പറഞ്ഞു. ധീരരായ സൈനികർക്കും കഠിനാധ്വാനികളായ കർഷകർക്കും പേരുകേട്ട സംസ്ഥാനമാണിത്. സദ്ഭരണത്തിലും പൊതുജന ക്ഷേമത്തിലും പുതിയ മാറ്റങ്ങൾ ഉണ്ട്, ആശംസാ സന്ദേശത്തിൽ അമിത് ഷാ പറഞ്ഞു.
സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന മധ്യപ്രദേശ് പ്രകൃതി സൗന്ദര്യം കൊണ്ട് നിറഞ്ഞതാണ്. പൊതുജനക്ഷേമത്തിലേയ്ക്കും ശുചിത്വത്തിലേയ്ക്കും സമൃദ്ധിയിലേയ്ക്കും തുടർച്ചയായി മുന്നേറിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഭാരതത്തിന്റെ വളർച്ചയ്ക്ക് വളരെയധികം സംഭാവന നൽകുന്ന സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. പ്രധാനമന്ത്രി മോദിയുടേയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റേയും നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനു കീഴിൽ സംസ്ഥാനം തുടരട്ടെ എന്നാശംസിക്കുന്നു, അദ്ദേഹം പറഞ്ഞു. കല, നവീകരണം, പഠനം എന്നിവയിൽ സമ്പന്നമായ പാരമ്പര്യമാണ് കർണാടകയ്ക്കുള്ളത്. രാഷ്ട്രത്തിന്റെ വളർച്ചയ്ക്കും വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാലാതീതമായ പാരമ്പര്യങ്ങൾ, പ്രകൃതി സൗന്ദര്യം, ജനങ്ങളുടെ സർഗാത്മക മനോഭാവം എന്നിവയാൽ നമ്മുടെ സാംസ്‌കാരിക ഭൂപ്രകൃതിയിൽ കേരളം എന്നും തിളങ്ങി നിൽക്കുന്നു. സംസ്ഥാനത്തിന്റെ പുരോഗതിയ്ക്കും സമൃദ്ധിക്കും വേണ്ടി പ്രാർഥിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
