കാർ ഓടിച്ചിരുന്നത് ഡോ. ഉമർ മുഹമ്മദ്, ചെങ്കോട്ടയിലേത് ചാവേർ ആക്രമണം തന്നെ; ഫരീദാബാദ് ഭീകര സംഘവുമായി ബന്ധം

 

ന്യൂഡൽഹി: ഡൽഹിയെ ഞെട്ടിച്ച കാർ സ്‌ഫോടനം നടത്തിയ ആളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞതായി സൂചന. ഡോക്ടർ ഉമർ മുഹമ്മദ് ആണ് ചാവേർ ആയി പൊട്ടിത്തെറിച്ചത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഇയാളുടെ ദൃശ്യങ്ങൾ പുറത്തു വന്നു. സ്‌ഫോടനത്തിന് ഫരീദാബാദ് ഭീകരസംഘവുമായി ബന്ധമുണ്ടെന്നും പൊലീസ് സൂചിപ്പിക്കുന്നു. ഫരീദാബാദിലെ ആശുപത്രിയിൽ ഒളിപ്പിച്ച 360 കിലോ ആർഡിഎക്‌സ്, എകെ 47 തോക്ക്, സ്‌ഫോടകവസ്തുക്കൾ തുടങ്ങിയവ കഴിഞ്ഞദിവസം അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.


ഫരീദാബാദിൽ നിന്നും ബദർപൂർ അതിർത്തി കടന്നാണ് കാർ ഡൽഹിയിലെത്തിയത്. കാറിൽ ഡോക്ടർ ഉമർ മുഹമ്മദ് മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംഘാംഗങ്ങൾ പിടിയിലായതിന്റെ പരിഭ്രാന്തിയിൽ സ്‌ഫോടനം നടത്തിയതാണെന്നും പൊലീസ് സൂചിപ്പിക്കുന്നു. ഔട്ടർ റിങ് റോഡു വഴിയെത്തിയ കാർ ചെങ്കോട്ടയ്ക്ക് സമീപം മൂന്നുമണിക്കൂറാണ് നിർത്തിയിട്ടത്. എന്നാൽ ഇയാൾ ഒരിക്കൽ പോലും കാറിന് പുറത്തിറങ്ങിയില്ലെന്നും പൊലീസ് പറയുന്നു.


ചാവേറായ ഉമറിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ജമ്മു കശ്മീരിലെ പുൽവാമയിൽ 1989 ഫെബ്രുവരി 24 നാണ് ഉമർ മുഹമ്മദിന്റെ ജനനം. ശ്രീനഗർ മെഡിക്കൽ കോളജിലായിരുന്നു എംബിബിഎസ് പഠനം. തുടർന്ന് അനന്ത് നാഗ് മെഡിക്കൽ കോളജിൽ സിനിയർ റെസിഡന്റായി ജോലി ചെയ്തു. നിലവിൽ ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു ഡോ. ഉമർ മുഹമ്മദ്. പാക് ഭീകരസംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന, ഡോ. ഉമറിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരമായ ഡോക്ടർ അദീർ അഹമ്മദ് റാത്തർ, ഡോക്ടർ മുജമ്മിൽ ഷക്കീൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


ജമ്മു കശ്മീർ, ഹരിയാന പൊലീസ് സംഘം നടത്തിയ നിരന്തര അന്വേഷണങ്ങൾക്കൊടുവിലാണ്, ഭീകരസംഘങ്ങളുടെ വൈറ്റ് കോളർ മൊഡ്യൂളിൽപ്പെട്ടവരെ പിടികൂടുന്നത്. മൊഡ്യൂളിലെ സുഹൃത്തുക്കൾ പിടിയിലായെന്നും, 2, 900 കിലോ സ്‌ഫോടക വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തെന്നും അറിഞ്ഞതോടെയാണ് ഡോ. ഉമർ പരിഭ്രാന്തനായത്. ആക്രമണം നടത്താൻ അമോണിയം നൈട്രേറ്റ് ഫ്യൂവൽ ഓയിൽ (ANFO) ആണ് ഉമർ മുഹമ്മദും കൂട്ടാളികളും ഉപയോഗിച്ചത്. കാറിൽ ഒരു ഡിറ്റണേറ്റർ സ്ഥാപിച്ച് ചെങ്കോട്ടയ്ക്ക് സമീപമുള്ള തിരക്കേറിയ സ്ഥലത്ത് ഭീകരാക്രമണം നടത്തുകയായിരുന്നുവെന്നും പൊലീസ് സൂചിപ്പിച്ചു.

Previous Post Next Post