കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. തെരുവുനായ ശല്യത്തിൽ നിന്നും കേരളത്തെ മുക്തമാക്കും. തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കും. പാലിയേറ്റീവ് കെയർ സംവിധാനങ്ങളെ കൂടുതൽ അപ്ഗ്രേഡ് ചെയ്യും. അയ്യങ്കാളി പദ്ധതിയിലും മഹാത്മാഗാന്ധി പദ്ധതിയിലും നൂറ് തൊഴിൽ ദിനങ്ങൾ ഉറപ്പു വരുത്തും. കുടുംബശ്രീയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. ഇതിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, അടൂർ പ്രകാശ്, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, സിപി ജോൺ, ഷിബു ബേബിജോൺ, അനൂപ് ജേക്കബ് എന്നിവർ സംബന്ധിച്ചു.
എല്ലാ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മാർക്കറ്റുകൾ വിദേശ രാജ്യങ്ങളിലുള്ളതു പോലെ ആധുനികവത്കരിക്കും. വൃത്തിയും വെടിപ്പും ഉറപ്പാക്കും. എല്ലാ ഗ്രാമങ്ങളിലും പുതിയ സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ശ്മശാനങ്ങൾ ആരംഭിക്കും. അതിഥി തൊഴിലാളി ക്ഷേമം ഉറപ്പു വരുത്താൻ പദ്ധതി രൂപീകരിക്കും. പൊതു ഇടങ്ങളിലെ കംഫർട്ട് സ്റ്റേഷനുകൾ സംസ്ഥാനത്ത് ഉടനീളം നിർമ്മിക്കും. ദുരന്ത നിവാരണത്തിന് കൂടുതൽ അധികാരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും. സാംസ്കാരികേന്ദ്രങ്ങളെ വിപുലമാക്കാൻ പദ്ധതി, വായന പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി രൂപപ്പെടുത്തും.
കേരളത്തിന്റെ യുവതലമുറയെ മയക്കുമരുന്ന്-ലഹരികളുടെ പിടിയിൽ നിന്നും മോചിപ്പിക്കാനായി കായിക വികസനം, യുവജനക്ഷേമം എന്നി മുൻനിർത്തി പ്രത്യേക പദ്ധതി ആവിഷ്കരിക്കും. ഹരിതകർമസേനയെ കൂടുതൽ കാര്യക്ഷമമാക്കും. ടൂറിസത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകും. ലോക്കൽ ടൂറിസം പദ്ധതികളെ പ്രമോട്ട് ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കും. തെരുവു വിളക്കുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താൻ പ്രത്യേക കർമ പരിപാടി. ഇതിനായി ഹെൽപ് ലൈൻ നമ്പർ അടക്കം പ്രദർശിപ്പിച്ചുകൊണ്ടുള്ള പദ്ധതി നടപ്പാക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്തുഞെരിച്ചു കൊല്ലുന്ന തരത്തിലാണ് കഴിഞ്ഞ അഞ്ചുകൊല്ലമായി സർക്കാർ ഫണ്ട് അനുവദിച്ചിരുന്നത്. അത്തരം തടസ്സങ്ങളില്ലാതെ തദ്ദേശ സ്ഥാപനങ്ങൾക്ക് വികസന ഫണ്ട് അവരുടെ അവകാശമാക്കി മാറ്റും. ബജറ്റിൽ സൂചിപ്പിച്ച ഫണ്ട് പൂർണമായും നൽകും. ഓരോ വർഷവും ഫണ്ടു വിഹിതത്തിൽ 10 ശതമാനം വർധനവ് വരുത്തും. യുവാക്കൾക്കായി പ്രത്യേക ഫണ്ട് നീക്കിവെക്കും. ജനപ്രതിനിധികളെ പരിവർത്തനത്തിന്റെ വക്താക്കളാക്കി മാറ്റാൻ പ്രത്യേക ശാക്തീകരണം നൽകും. ജനസേവനം ഉറപ്പു വരുത്താനായി എല്ലാ വാർഡുകളിലും സേവാഗ്രാം പദ്ധതി നടപ്പാക്കുമെന്നും പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
