ശബരിമല സ്വര്‍ണ്ണക്കൊള്ള; എ പത്മകുമാറിന്‍റെ വെളിപ്പെടുത്തല്‍ നിര്‍ണായകം, ഇടപാടുകളില്‍ വിശദ പരിശോധന, ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാറിനെ എസ്‌ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള പത്മകുമാറിന്‍റെ ഇടപാടുകളില്‍ വിശദമായ പരിശോധന നടത്തും. ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ നടത്തുന്ന വെളിപ്പെടുത്തല്‍ ഇനി നിര്‍ണ്ണായകമാണ്. ഭരണ നേതൃത്വത്തിലെ ഉന്നതര്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടോയെന്നതടക്കം കണ്ടെത്തണം. പത്മകുമാറിനൊപ്പം തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിലുണ്ടായിരുന്ന രണ്ട് അംഗങ്ങളുടെ മൊഴിയെടുത്തതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനായി പത്മകുമാര്‍ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നാണ് അംഗങ്ങളുടെ മൊഴി. ഇതാണ് പത്മകുമാറിന് തിരിച്ചടിയായത്. സര്‍ക്കാരിന് ലഭിച്ച പോറ്റിയുടെ അപേക്ഷയാണ് ബോര്‍ഡിലേക്ക് നല്‍കിയതെന്ന പത്മകുമാറിന്‍റെ മൊഴിയിലും എസ്‌ഐടി കൂടുതല്‍ വ്യക്തത തേടും. കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്‍റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും.

ജയശ്രീയുടെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

ശബരിമല സ്വർണപ്പാളി കേസ് നാലാം പ്രതിയും ദേവസ്വം ബോർ‍‍ഡ് മുൻ സെക്രട്ടറിയുമായ ജയശ്രീ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജയശ്രീയുടെ അറസ്റ്റ് തല്‍ക്കാലത്തേക്ക് തടഞ്ഞിട്ടുണ്ട്. ദേവസ്വം ബോർഡില്‍ ഉദ്യോഗസ്ഥ മാത്രമായിരുന്നെന്നും മേല്‍ത്തട്ടില്‍ നിന്നുളള നിർദേശങ്ങള്‍ നടപ്പാക്കുകയാണ് ചെയ്തെന്നും ഹർജിയിലുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ജയശ്രീയുടെ ഹർജി ഇന്നലെ ഹൈക്കോടതി പരിഗണിച്ചെങ്കിലും കൂടുതല്‍ വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

എ പത്മകുമാറിനെതിരായ സിപിഎം നടപടി വൈകും

അതേസമയം, ശബരിമല സ്വര്‍ണ്ണമോഷണക്കേസില്‍ അറസ്റ്റിലായ എ പത്മകുമാറിനെതിരായ സിപിഎം നടപടി വൈകും. വിശ്വസിച്ച്‌ ചുമതലയേല്‍പ്പിച്ചവര്‍ വഞ്ചിച്ചെന്ന് പറയുമ്ബോഴും നടപടിക്ക് കുറ്റപത്രം വരുന്നതുവരെ കാക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. സ്വര്‍ണ്ണമോഷണക്കേസില്‍ റിമാന്‍റിലായിട്ടും സിപിഎം പത്മകുമാറിനെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ശബരിമല സ്വര്‍ണ്ണമോഷണ കേസില്‍ റിമാന്‍ഡിലായ പത്മകുമാറിനോടുള്ള നിലപാടില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ എംവി ഗോവിന്ദൻ പറഞ്ഞു. എന്നാല്‍, ശബരിമല സ്വര്‍ണ്ണമേഷണക്കേസില്‍ ഉള്‍പ്പെട്ട ആര്‍ക്കും സംരക്ഷണം ഉണ്ടാകില്ലെന്ന് സിപിഎം ആവര്‍ത്തിക്കുമ്ബോള്‍ നടപടി വൈകുന്നതെന്തിനെന്നാണ് പ്രതിപക്ഷ ചോദ്യം. ശബരിമല സ്വര്‍ണ മോഷണക്കേസില്‍ അന്വേഷണ സംഘം ഒന്നിന് പുറകെ ഒന്നായി പാര്‍ട്ടി നേതാക്കളിലേക്ക് എത്തുന്നത് തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയാണ് . അതേസമയം, തിടുക്കപ്പെട്ട നടപടി ഗുണം ചെയ്യില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.
Previous Post Next Post