ചെങ്കോട്ടയിലെ സ്‌ഫോടനം ഞെട്ടിപ്പിക്കുന്നത്; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്‌ഫോടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. സംഭവം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ഭീകരകൃത്യത്തിന് പിന്നിൽ ആരായാലും അവരെ ഉടനടി കണ്ടെത്തി തക്കതായ ശിക്ഷ നൽകാൻ സാധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തിൽ കേരളം പങ്കുചേരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.


പരിക്കേറ്റവർക്ക് മികച്ച ചികിത്സയിലൂടെ എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. രാജ്യത്തിന്റെ ക്രമസമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്ന ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ ഒറ്റക്കെട്ടായി നിൽക്കണം. ഇനിയും ഇതുപോലൊരു ദുരന്തം ആവർത്തിച്ചു കൂടാ. മുഖ്യമന്ത്രി പറഞ്ഞു.


തിങ്കളാഴ്ച വൈകീട്ട് 6.55 ഓടെയാണ് സ്‌ഫോടനം റിപ്പോർട്ട് ചെയ്തത്. അപ്രതീക്ഷിത സ്‌ഫോടനം പ്രദേശത്ത് പരിഭ്രാന്തി പരത്തി. സ്‌ഫോടനത്തിൽ 13 പേർ മരിച്ചതായാണ് വിവരം. 30ലധികം പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റി. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമാണ് സ്‌ഫോടനമുണ്ടായത്. മെട്രോ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഒരു കാർ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള കാറുകളിലേക്കും തീപടർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്‌ഫോടനം നടന്ന സ്ഥലവും ആശുപത്രിയിലെത്തി പരിക്കേറ്റവരെയും സന്ദർശിച്ചു.

Previous Post Next Post