ചോദ്യങ്ങളുടെ എണ്ണം കുറച്ചു; കൂട്ടത്തോല്‍വിയെ തുടര്‍ന്ന് ലേണേഴ്‌സ് പരീക്ഷയില്‍ മാറ്റം

കൊച്ചി: പരിഷ്‌കരിച്ച ലേണേഴ്‌സ് ലൈസൻസ് പരീക്ഷയിൽ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി. ചോദ്യാവലിയിൽ പുതിയ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയത് കൂട്ടത്തോൽവിക്കു കാരണമായിരുന്നു. പരിഷ്‌കാരത്തിനെതിരേ വലിയ പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് മാറ്റം വരുത്തിയത്. കാപ്ചയുടെ എണ്ണം കുറച്ചാണ് പരാതിക്കു പരിഹാരം കാണാൻ ശ്രമിച്ചത്.


മുൻപ് പരീക്ഷയ്ക്ക് 20 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. പരീക്ഷ പരിഷ്‌കരിച്ചപ്പോൾ ചോദ്യങ്ങളുടെ എണ്ണം 30 ആയി. ഇതിൽ 18 എണ്ണത്തിന് ഉത്തരം നൽകിയാൽ മാത്രമേ ജയിക്കുകയുള്ളൂ. കാപ്ച രൂപത്തിൽ നൽകേണ്ട ഉത്തരമാണ് അപേക്ഷകരെ വട്ടം കറക്കുന്നത്. ചോദ്യാവലിയിൽ മൂന്ന് സാധാരണ ചോദ്യങ്ങൾക്കുശേഷം വരുന്ന ചോദ്യത്തിന്റെ ഉത്തരം നൽകേണ്ടത് കാപ്ച അടിച്ചുനൽകിയാണ്. ഓരോ മൂന്നു ചോദ്യത്തിനുശേഷവും കാപ്ച നൽകേണ്ട ഉത്തരം വരും.


അതിനാൽ കംപ്യൂട്ടർ ടൈപ്പിങ്ങിൽ വലിയ വേഗത ഇല്ലാത്തവർക്കും പരിജ്ഞാനം ഇല്ലാത്തവർക്കും ധാരാളം സമയം വേണ്ടിവരും. ഒരു സാധാരണ ചോദ്യത്തിന് 30 സെക്കൻഡും കാപ്ച ഉത്തരമായി വരുന്ന ചോദ്യത്തിന് 45 സെക്കൻഡുമാണ് അനുവദിച്ചിരിക്കുന്ന സമയം. അതിനാൽ പരീക്ഷ എഴുതുന്ന 80 ശതമാനം പേർക്കും അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളിൽ പരീക്ഷ പൂർത്തിയാക്കാൻ സാധിക്കുന്നില്ല. ഇംഗ്ലീഷ് ചെറിയ അക്ഷരങ്ങളും വലിയ അക്ഷരങ്ങളും കൂടാതെ നമ്പരുകളും അടങ്ങുന്നതാണ് കാപ്ച.


30 ചോദ്യത്തിനും ഉത്തരം നൽകുന്നവർക്ക് ഒൻപത് കാപ്ച ഉത്തരം നൽകേണ്ടിവരും. ആദ്യ കാപ്ച ചോദ്യത്തിന് ഉത്തരം നൽകുമ്പോൾത്തന്നെ പരീക്ഷയിൽനിന്നു സമയം പൂർത്തിയായി പുറത്താകുന്ന അവസ്ഥയാണ്. പരാതി ഉയർന്നതിനെത്തുടർന്ന് മൊത്തം കാപ്ച ചോദ്യം മൂന്നായി ചുരുക്കി. ഇതോടെ പരീക്ഷ എഴുന്നവർക്ക് ആശ്വാസമായെങ്കിലും പരീക്ഷയെ പേടിച്ച് പലരും എഴുതാൻ മടിക്കുന്നുണ്ട്.

Previous Post Next Post