കൊച്ചിയിൽ വൻ ലഹരി വേട്ട; രണ്ട് കിലോയിലധികം ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിൽ, വിപണി വില രണ്ട് കോടിയിലേറെ


 കൊച്ചി: രണ്ടു കോടിയിലേറെ വില വരുന്ന ഹാഷിഷ് ഓയിലുമായി കൊച്ചിയിൽ നാലുപേർ പിടിയിൽ. സ്ത്രീ ഉൾപ്പെടെ രണ്ട് ഒഡീഷ സ്വദേശികളും വാങ്ങാൻ എത്തിയ രണ്ടു മലയാളികളുമാണ് പിടിയിലായത്. കൊച്ചി മട്ടമ്മലിലെ ലോഡ്ജിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.


സമരമുതലി, സുനമണി എന്നിവരാണ് പിടിയിലായ ഒഡിഷ സ്വദേശികൾ. ആന്ധ്രയിൽ നിന്നുമാണ് ഇവർ ലഹരി മരുന്ന് കൊച്ചിയിലെത്തിച്ചത് എന്നാണ് റിപ്പോർട്ട്. ലഹരിമരുന്നു വാങ്ങാനെത്തിയതായിരുന്നു പിടിയിലായ കൊച്ചി പെരുമ്പടപ്പ് സ്വദേശികളായ അശ്വിൻ ജോയ്, ശ്രീരാജ് എന്നിവർ. രണ്ട് കിലോയിലേറെ ഹാഷിഷ് ഓയിലാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. രാജ്യാന്തര മാർക്കറ്റിൽ രണ്ടു കോടിയിലേറെ വില വരുന്നതാണ് പിടികൂടിയ ലഹരി മരുന്ന്. സംഘത്തിലെ പ്രധാനിക്കുവേണ്ടി എക്‌സൈസ് അന്വേഷണം ആരംഭിച്ചു.


പിടികൂടിയവരുടെ മൊബൈൽ ഫോൺ അടക്കം പരിശോധിച്ചതിൽ നിന്നും നേരത്തെയും ഇവർ ലഹരിഇടപാടിനായി കേരളത്തിൽ എത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പണമിടപാടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ലഹരി വാങ്ങുന്നതിനായി കൊച്ചി സ്വദേശികളെ അയച്ച സംഘത്തിലെ പ്രധാനിക്കുവേണ്ടി എക്‌സൈസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post