'വോട്ടർമാർക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നൽകണം, തിരക്ക് അറിയാൻ മൊബൈൽ ആപ്പ്'; നിർദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബൂത്തുകളിൽ വോട്ടു ചെയ്യാൻ എത്തുന്ന വോട്ടർമാർക്ക് കുടിവെള്ളം അടക്കം വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകണമെന്ന് ഹൈക്കോടതി. ക്യൂ നിൽക്കേണ്ടി വരുന്ന വോട്ടർമാർക്ക് ഇരിപ്പിടം ഉറപ്പാക്കണം. ആവശ്യക്കാർക്കു കുടിക്കാൻ വെള്ളം നൽകണമെന്നും കോടതി നിർദേശിച്ചു.


ബൂത്തിലെത്തുന്നതിനു മുൻപ് തിരക്കുണ്ടോയെന്നറിയാൻ മൊബൈൽ ആപ്പ് തയാറാക്കണമെന്നതാണ് മറ്റൊരു പ്രധാന നിർദേശം. ബൂത്തുകളേറെയും സ്‌കൂളിലായതിനാൽ ക്യൂ നിൽക്കുന്നവർക്കായി ബെഞ്ചും കസേരയുമൊക്കെ ലഭ്യമാക്കാൻ കഴിയുമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.


രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയുള്ള പോളിങ് സമയത്തിൽ ആകെ 660 മിനിറ്റാണുള്ളത്. ഒരു ബൂത്തിലെ 1200 വോട്ടർമാരും വോട്ട് ചെയ്യാനെത്തിയാൽ ഒരാൾക്ക് 30-40 സെക്കൻഡ് മാത്രമേ ലഭിക്കൂ. ഈ സമയ പരിധിക്കുള്ളിൽ വോട്ടു ചെയ്യുന്നത് അസാധ്യമാണെന്നും കോടതി പറഞ്ഞു. എല്ലാവരും വോട്ട് ചെയ്യാനെത്തില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ധാരണ സ്വീകാര്യമല്ല. പോളിങ് ബൂത്തിലെത്തിയതിനുശേഷം നീണ്ട ക്യൂ കണ്ട് വോട്ട് രേഖപ്പെടുത്താതെ മടങ്ങുന്നത് ജനാധിപത്യത്തിന്റെ പരാജയമാണെന്നും കോടതി പറഞ്ഞു.


പഞ്ചായത്ത്, മുനിസിപ്പാലിറ്റി പരിധിയിൽ യഥാക്രമം 1200/1500 വോട്ടർമാർക്ക് ഒരു ബൂത്ത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചത് പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. തെരഞ്ഞെടുപ്പ് വൈകുമെന്നതിനാൽ ബൂത്തുകളുടെ എണ്ണം വർധിപ്പിക്കാൻ നിർദേശിക്കുന്നില്ല. എന്നാൽ വരും തെരഞ്ഞെടുപ്പുകളിൽ എല്ലാ വോട്ടർമാർക്കും വോട്ട് ചെയ്യാൻ മതിയായ സമയം ഉറപ്പാക്കും വിധം ബൂത്തുകൾ ക്രമീകരിക്കണമെന്നും കോടതി നിർദേശിച്ചു. വൈക്കം സ്വദേശി എൻ എം താഹ, തൃശൂരിലെ കോൺഗ്രസ് നേതാവ് വി വി ബാലചന്ദ്രൻ എന്നിവർ നൽകിയ ഹർജികൾ തീർപ്പാക്കിയാണ് ഉത്തരവ്.

Previous Post Next Post