തിരുവനന്തപുരം: പാർട്ടി ഏൽപ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്ന് മുൻ എംഎൽഎയും തിരുവനന്തപുരം നഗരസഭാ മേയർ സ്ഥാനാർഥിയുമായ കെഎസ് ശബരീനാഥൻ. തനിക്ക് എല്ലാ നൽകിയത് കോൺഗ്രസാണെന്നും നഗരസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെത് മികച്ച പാനൽ ആണെന്നും നഗരസഭ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും ശബരീനാഥൻ പറഞ്ഞു.
രണ്ടുതവണ എംഎൽഎയായി, ഒരു തവണ പരാജയപ്പെട്ടു. അതിനുശേഷം കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി. കെപിസിസി ജനറൽ സെക്രട്ടറിയായി. ഇതൊക്കെ പാർട്ടി നൽകിയതാണ്. ഞാൻ പഞ്ച് ഡയലോഗ് അടിക്കുന്ന ആളോ, വിസ്ഫോടനം നടത്തുന്ന ആളോ അല്ല. ഉള്ളിന്റെ ഉളളിൽ ഞാനൊരു പാർട്ടിക്കാരനാണ്. പാർട്ടി പറയുന്നത് ചെയ്യുകയെന്നതാണ് തന്റെ ഉത്തരവാദിത്വം.
പുറത്ത് എവിടെ പോയാലും എന്നെ തിരുവനന്തപുരത്തുകാരനായാണ് എല്ലാവരും കാണുന്നത്. തിരുവനന്തപുരത്തിന്റെ ഭാഗമായി കൂടുതൽ ചെയ്യാൻ കഴിയും. തിരുവനന്തപുരത്ത് ഒന്നാമതെത്തി കൂടുതൽ സീറ്റുകൾ നേടുകയാണ് ലക്ഷ്യം. 51 സീറ്റുകൾ നേടി കോൺഗ്രസിന് ഭരിക്കാൻ കഴിയുമെന്ന വിശ്വാസം ഉണ്ട്. ചില ഭാഗങ്ങളിൽ സിപിഎം സ്ട്രോങ്ങാണ്,ചിലയിടങ്ങളിൽ ബിജെപി സ്ട്രോങ്ങാണ്. എന്നാൽ ആത്യന്തികമായി കോൺഗ്രസിന് വേരോട്ടമുള്ള മണ്ണാണ്. തിരുവനന്തപുരത്തിന്റെ വികസനം ചൂണ്ടിക്കാട്ടി വിജയിച്ചുവരാനുള്ള ഏറ്റവും നല്ല പാനൽ ആണ് കോൺഗ്രസിന്റെത്. ആശാവർക്കർമാർ മുതൽ ടെക്കിവരെ പാനലിൽ ഉണ്ട് ഇത് തിരുവന്തപുരത്തിന്റെ പരിച്ഛേദമാണ്. വരും ദിവസങ്ങളിൽ മറ്റ് ഇടങ്ങളിലെ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കും'- ശബരിനാഥൻ പറഞ്ഞു.
ഇന്നലെയാണ് തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചത്. മുൻ എംഎൽഎ കെഎസ് ശബരീനാഥനാണ് കോൺഗ്രസിന്റെ മേയർ സ്ഥാനാർഥി. നിലവിലെ മൂന്നാം സ്ഥാനമെന്ന നാണക്കേട് മറികടക്കാനും പ്രതാപം തിരിച്ചു പിടിക്കുകയുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ കവടിയാർ വാർഡിൽ നിന്നാണ് ശബരിനാഥൻ സ്ഥാനാർഥിയാകുന്നത്.
കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മുട്ടടയിൽ സ്ഥാനാർഥിയാകും. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ വഴുതക്കാട് സ്ഥാനാർഥിയാകും. മറ്റൊരു ജനറൽ സെക്രട്ടറിയായ നീതു രഘുവരൻ പാങ്ങപ്പാറയിൽ മത്സരിക്കും. ആശാസമരത്തിലെ സജീവ പ്രവർത്തക എസ് ബി രാജിയാണ് കാച്ചാണിയിൽ മത്സരിക്കുന്നത്. നിലവിൽ യുഡിഎഫിന് 10 സീറ്റ് മാത്രമുള്ള തിരുവനന്തപുരത്ത് കൂടുതൽ സീറ്റ് പിടിക്കാൻ അരയും തലയും മുറുക്കി ഇറങ്ങുകയാണ് കോൺഗ്രസ്.
