ഉന്നമിട്ടത് സ്‌ഫോടന പരമ്പരകൾക്ക്; 32 വാഹനങ്ങൾ ആക്രമണത്തിന് സജ്ജമാക്കാൻ പദ്ധതിയിട്ടു, സ്‌ഫോടക വസ്തു നിർമ്മിക്കാൻ 2000 കിലോ എൻപികെ വളം വാങ്ങി

 

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും സമീപ പ്രദേശങ്ങളിലുമായി വിവിധ ഇടങ്ങളിലായി സ്‌ഫോടന  പരമ്പരകൾ തന്നെ നടത്താനായിരുന്നു ഭീകരർ പദ്ധതിയിട്ടിരുന്നതെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വിവിധ സ്ഥലങ്ങളിലായി 32 വാഹനങ്ങൾ ആക്രമണത്തിന് തയ്യാറാക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു. പഴയ വാഹനങ്ങൾ വാങ്ങി സ്‌ഫോടക വസ്തുക്കൾ നിറച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി.


ആക്രമണത്തിനായി ഭീകരർ ഒരു i20, ഒരു EcoSport വാഹനം എന്നിവ പരിഷ്‌കരിച്ചിരുന്നു. i20, EcoSport എന്നിവയ്ക്ക് ശേഷം, സ്‌ഫോടകവസ്തുക്കൾ ഘടിപ്പിക്കാൻ കഴിയുന്ന 32 പഴയ വാഹനങ്ങൾ കൂടി തയ്യാറാക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയായിരുന്നു എന്ന് ഇന്റലിജൻസ് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ തയ്യാറാക്കിയ വാഹനങ്ങൾ ഉണ്ടോയെന്നും രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.


നാലു സ്ഥലങ്ങളിൽ ഒരേസമയം സ്‌ഫോടനം നടത്താൻ എട്ടു ഭീകരർ പദ്ധതിയിട്ടു. ഇതിനായി രണ്ടുപേരടങ്ങുന്ന സംഘത്തെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നിയോഗിച്ചിരുന്നു. സംഘങ്ങൾ ഒരേസമയം ആക്രമണങ്ങൾക്കായി ഒന്നിലധികം ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കൾ (ഐഇഡികൾ) വഹിച്ച് ജോഡികളായി നീങ്ങാനാണ് ഉദ്ദേശിച്ചിരുന്നത്. സ്‌ഫോടനങ്ങൾ നടത്തുന്നതിനായി പ്രതികൾ 20 ലക്ഷം രൂപ സ്വരൂപിച്ചിരുന്നു. ഇത് ഡോക്ടർ ഉമർ നബിക്ക് കൈമാറുകയും ചെയ്തുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.


ഇതുകൂടാതെ, ഭീകരസംഘം ഗുരുഗ്രാം, നൂഹ്, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മൂന്നു ലക്ഷം രൂപയ്ക്ക് 20 ക്വിന്റലിലധികം NPK വളം (NPK വളം - നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ മിശ്രിതമാണ്) വാങ്ങി. സ്‌ഫോടകവസ്തുക്കൾ വേർതിരിച്ചെടുക്കാനായിട്ടാണ് വളം വാങ്ങിക്കൂട്ടിയത്. IEDകൾ തയ്യാറാക്കുന്നതിനായി ഉമർ രണ്ടോ നാലോ അംഗങ്ങൾ അടങ്ങുന്ന ഒരു സിഗ്‌നൽ ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.


2021 നും 2022 നും ഇടയിൽ കൊല്ലപ്പെട്ട ഭീകരരുടെ കൂട്ടാളികളുമായി ബന്ധം പുലർത്തിയ ശേഷമാണ് ഡോ. മുസമ്മിൽ ഐഎസിന്റെ ഒരു ശാഖയായ അൻസാർ ഗസ്വത്-ഉൽ-ഹിന്ദിനോട് ആകൃഷ്ടനായത്. മൗലവി എന്ന ഇർഫാനാണ് അദ്ദേഹത്തെ ഈ ശൃംഖലയിലേക്ക് പരിചയപ്പെടുത്തിയത്. 2023 ലും 2024 ലും കണ്ടെടുത്ത ആയുധങ്ങൾ ഒരു സ്വതന്ത്ര ഭീകര സംഘടന രൂപീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഈ മൊഡ്യൂൾ സ്വന്തമാക്കിയതായി കരുതപ്പെടുന്നു.


ചെങ്കോട്ട സ്‌ഫോടന പ്രതികളായ ഡോ. മുസമ്മിൽ, ഡോ. അദീൽ, ഡോ. ഉമർ, ഷഹീൻ എന്നിവരെ കൂടാതെ, മുൻകാല ഭീകരവാദ കേസുകളുമായി ബന്ധമുള്ള വ്യക്തികൾക്കും ഈ ശൃംഖലയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ചെങ്കോട്ടയിൽ ചാവേർ ആക്രമണം നടത്തിയത് ഡോ. ഉമർ നബി തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് സ്ഥിരീകരണം. ഇയാൾ വാങ്ങിയ എക്കോ സ്‌പോർട്ട് കാറും ഹരിയാനയിലെ ഖണ്ഡാവാലി ഗ്രാമത്തിൽ നിന്നും കണ്ടെടുത്തിരുന്നു. ഇയാൾ വാങ്ങിയതായി സംശയിക്കുന്ന മാരുതി ബ്രെസ്സ കാറിനായി തിരച്ചിൽ തുടരുകയാണ്.

Previous Post Next Post