കുടുംബത്തോടൊപ്പം ഗുരുവായൂരില്‍ പോയി; സിസിടിവി ഓഫ് ചെയ്ത് മോഷ്ടാക്കള്‍ 23 പവനും ഡയമണ്ട് മോതിരവും കവര്‍ന്നു

വീട് കുത്തിത്തുറന്ന് 23 പവനും വജ്ജ്ര മോതിരവും പതിനായിരം രൂപയും കവര്‍ന്നു. പാലക്കാട് എലപ്പുള്ളി പോക്കോംതോടില്‍ വിജയ് ശങ്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്.

സംഭവത്തില്‍ കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച രാത്രി വീട് പൂട്ടി വിജയ് ശങ്കറും കുടുംബവും ഗുരുവായൂരില്‍ തൊഴാനായി പോയിരുന്നു. ഇന്ന് വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടിലെ സിസിടിവി കാമറയുടെ സ്വിച്ച്‌ ഓഫ് ചെയ്ത ശേഷം അകത്തുകയറിയാണ് 23 പവന്‍ സ്വര്‍ണവും ഡയമണ്ട് മോതിരവും മോഷ്ടിച്ചത്.

വിരലടയാള വിദഗ്ധര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാര തകര്‍ത്താണ് പണവും സ്വര്‍ണാഭരണങ്ങളും ഡയമണ്ട് മോതിരവും മോഷ്ടിച്ചത്. കുടുതല്‍ സാധനങ്ങള്‍ മോഷണം പോയിട്ടുണ്ടോയെന്നതുള്‍പ്പടെ അന്വേഷിച്ച്‌ വരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന.
Previous Post Next Post