പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

തിരുവനന്തപുരം: സർവശിക്ഷ അഭിയാൻ ഫണ്ട് കേരളത്തിന് അർഹതപ്പെട്ടതാണെന്ന് വിദ്യാഭ്യാസമന്ത്രി  വി ശിവൻകുട്ടി. കേരളത്തിലെ വിദ്യാർഥികൾക്ക് ലഭിക്കേണ്ട കേന്ദ്രഫണ്ടിൽ ആദ്യവിഹിതം ലഭിച്ചതായി ശിവൻകുട്ടി പറഞ്ഞു. അനുമതി നൽകിയ 109 കോടിയിൽ 92.41 കോടി രൂപയാണ് അനുവദിച്ചത്. പതിനേഴ് കോടി ഇനിയും ലഭിക്കാനുണ്ട്. അത് ഈയാഴ്ച ലഭിച്ചേക്കും. പത്താം തീയതി കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ കാണുമെന്നും ശിവൻകുട്ടി പറഞ്ഞു.


സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ള ആകെ കുടിശ്ശിക 1158 കോടി രൂപയാണ്. കഴിഞ്ഞ രണ്ട് വർഷത്തെ കുടിശ്ശികയും നിലവിലെ സാമ്പത്തിക വർഷത്തെ വിഹിതവും ചേർത്താണ് ഈ തുക. 22023 - 24 ൽ 188.58 കോടി, 2024-25 ൽ 513.14 കോടി, 2025-26 ൽ 456.1 കോടി രൂപ എന്നിങ്ങനെ ആണ് കുടിശ്ശിക. ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ, കേരളത്തിനുള്ള സമഗ്ര ശിക്ഷാ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് കേന്ദ്രം ഉടൻ പാലിക്കുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്.


റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ശുപാർശ പ്രകാരം, 1 മുതൽ 5 വരെ ക്ലാസുകളിൽ 10 കുട്ടികൾക്ക് ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററും, 5-ാം ക്ലാസ് മുതൽ മുകളിലേക്കുള്ള ക്ലാസുകളിൽ 15 കുട്ടികൾക്ക് ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററും ആവശ്യമാണ്. കേരളത്തിലെ സാഹചര്യത്തിൽ, ഒരു കൂട്ടം സ്കൂളുകളെ ഒരു യൂണിറ്റായി പരിഗണിച്ചായിരിക്കും ഇത് നടപ്പാക്കുക. ഈ ശുപാർശ പ്രാവർത്തികമായാൽ 4000-ത്തിലധികം സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സേവനം വേണ്ടിവരും. സംസ്ഥാനത്തെ 45 ലക്ഷം കുട്ടികളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ, കേന്ദ്രവിഹിതത്തിന്റെ ഭാരം പോലും സംസ്ഥാനം സ്വന്തം നിലയിൽ വഹിക്കുന്നത് കൊണ്ടാണ് കാര്യങ്ങൾ തടസമില്ലാതെ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.


പിഎം ശ്രീവിവാദത്തിൽ നേട്ടവും കോട്ടവും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആര് ജയിച്ചു ആര് തോറ്റു എന്നുള്ളതിനെ കുറിച്ച് പറയുന്നില്ല. കേന്ദ്രത്തിന് നൽകാനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല. സ്വാഭാവിക താമസം മാത്രമാണ് ഉണ്ടായത്. കത്തയക്കുന്നതിൽ നിയമോപദേശം ഉടൻ ലഭിക്കും അതിനുശേഷം കത്തയക്കും. കത്ത് വൈകുന്നതിൽ സിപിഐക്ക് വിഷമം ഉണ്ടെന്ന് കരുതുന്നില്ലെന്നും സബ് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയെന്നും മന്ത്രി പറഞ്ഞു.

Previous Post Next Post