'മന്ത്രി പഠിപ്പിക്കേണ്ട, ഒയാസിസിന് വേണ്ടി വാദിക്കുന്ന മന്ത്രി ബ്രൂവറി തൃത്താലയില്‍ സ്ഥാപിക്കൂ', എംബി രാജേഷിന് രേവതി ബാബുവിന്റെ മറുപടി

എലപ്പുള്ളി ബ്രൂവറിയുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി രാജേഷിനെതിരെ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു.

പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ ഒരിക്കല്‍ പോലും കേള്‍ക്കാൻ തയ്യാറാകാത്ത മന്ത്രിക്ക് ബ്രൂവറി വരുന്നതില്‍ എലപ്പുള്ളിക്കാർക്ക് ആശങ്കയില്ലെന്ന് എങ്ങനെ പറയാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു ചോദിച്ചു. പഞ്ചായത്ത് പരമാധികാര റിപ്പബ്ലിക്കല്ലെന്ന മന്ത്രിയുടെ വിമർശനത്തിന് മറുപടി നല്‍കുകയായിരുന്നു രേവതി ബാബു. ബ്രൂവറി വിഷയത്തില്‍ ഞങ്ങളെ മന്ത്രി പഠിപ്പിക്കേണ്ടതില്ലെന്നും പ്രസിഡൻ്റ് തുറന്നടിച്ചു. ഒയാസിസ് കമ്ബനിക്ക് വേണ്ടി മാത്രം വാദിക്കുന്ന മന്ത്രിയുടേത് ഇരട്ടത്താപ്പാണ്. ഒയാസിസ് പ്രശ്നങ്ങള്‍ ഇല്ലാത്ത കമ്ബനിയെങ്കില്‍ ബ്രൂവറി മന്ത്രിയുടെ മണ്ഡലമായ തൃത്താലയില്‍ സ്ഥാപിക്കണമെന്നും പ്രസിഡൻ്റ് ആവശ്യപ്പെട്ടു.

മന്ത്രി പറഞ്ഞത്…

കേരളത്തില്‍ മദ്യ നിർമാണം വർധിപ്പിക്കണമെന്നാണ് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. തദ്ദേശീയമായി മദ്യ ഉല്‍പ്പാദനം വർധിപ്പിച്ച്‌ വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണം. പ്രദേശികമായ എതിർപ്പുകള്‍ വരാം. എന്നാല്‍, അത് പരിഗണിച്ച്‌ മുന്നോട്ട് പോകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ 9 ഡിസ്‌ലറികള്‍ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം ഉല്‍പാദിപ്പിക്കുന്നില്ല. കേരളത്തിന് തന്നെ മദ്യം ഉല്‍പാദിപ്പിക്കാവുന്നതാണ്. ചില സ്ഥാപിത താല്‍പ്പര്യക്കരാണ് തദ്ദേശീയമായ മദ്യ ഉല്‍പാദനത്തെ എതിർക്കുന്നത്. വെള്ളത്തിന്‍റെ പ്രശ്നം പറയുന്നവരുണ്ട്. കർണാടകയില്‍ ഇല്ലാത്ത വെള്ളത്തിന്‍റെ എന്ത് പ്രശ്നമാണ് കേരളത്തില്‍ ഉള്ളത്? സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് മുമ്ബില്‍ വഴങ്ങില്ലെന്നും വിവാദങ്ങള്‍ ഉണ്ടാകുമെന്ന് കരുതി ചില ചുവടുവെപ്പുകള്‍ എടുക്കാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Previous Post Next Post