മദ്യലഹരി മൂത്തതോടെ ശിവകൃഷ്ണയുടെ സ്വഭാവം മാറി, അര്‍ച്ചന മദ്യക്കുപ്പി ഒളിപ്പിച്ചു; കൊടിയ മര്‍ദ്ദനം സഹിക്കാനാവാതെ കിണറ്റില്‍ച്ചാടി

കൊല്ലം: നെടുവത്തൂർ ആനക്കോട്ടൂരിൽ കിണറിന്റെ ആൾമറയും തൂണുകളും ഇടിഞ്ഞുവീണ് ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ അടക്കം മൂന്ന് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മദ്യക്കുപ്പി ഒളിപ്പിച്ചു വച്ചതിൽ തുടങ്ങിയ കലഹമാണ് ഇന്നലെ മൂന്ന് പേരുടെ മരണത്തിലേക്കെത്തിച്ച സംഭവങ്ങൾക്കു കാരണമായതെന്ന് പൊലീസ് പറയുന്നു.


ശിവകൃഷ്ണയും വിരുന്നെത്തിയ ബന്ധു അക്ഷയും ചേർന്നു വീട്ടിലിരുന്നു മദ്യപിച്ചിരുന്നു. മദ്യലഹരി മൂത്തതോടെ ശിവകൃഷ്ണയുടെ സ്വഭാവം മാറി. വീണ്ടും കുടിക്കാതിരിക്കാനായി അർച്ചന അവശേഷിച്ച മദ്യം ഒളിപ്പിച്ചുവച്ചു. രാത്രി പതിനൊന്നരയോടെ വീണ്ടും മദ്യപിക്കാൻ ശ്രമിച്ച ശിവകൃഷ്ണയ്ക്കു കുപ്പി കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനെ തുടർന്ന് അർച്ചനയെ ശിവകൃഷ്ണ മർദ്ദിച്ചതായും പൊലീസ് പറയുന്നു.


തടസ്സം പിടിക്കാൻ ചെന്ന കുട്ടികളെയും ഉപദ്രവിക്കാൻ ശ്രമിച്ചു. അർച്ചനയുടെ മുഖത്തും ശരീരത്തും പുറത്തും എല്ലാം മുഷ്ടി ചുരുട്ടി ഇടിച്ചെന്നു കുട്ടികൾ പറഞ്ഞു. മർദനമേറ്റു ചുണ്ട് പൊട്ടി. കവിളിലും മുറിവുണ്ടായി. ഇടയ്ക്കു മർദനത്തിനു ശമനമുണ്ടായപ്പോൾ അർച്ചന തന്റെ പരിക്കുകൾ ചൂണ്ടിക്കാട്ടി ഫോണിൽ വിഡിയോ റെക്കോർഡ് ചെയ്തു. അതിനു ശേഷം ഫോൺ ഒളിപ്പിച്ചു വച്ചു. വീണ്ടും മർദനം തുടങ്ങിയതോടെയാണു അടുക്കള ഭാഗത്തു കൂടി പുറത്തേക്കിറങ്ങിയ അർച്ചന വീട്ടുമുറ്റത്തെ കിണറ്റിൽച്ചാടിയതെന്നും പൊലീസ് പറയുന്നു. പിന്നാലെയെത്തിയ ശിവകൃഷ്ണ കിണറിനു സമീപം വീഴുകയും ചെയ്തതായും പൊലീസ് പറയുന്നു.


ഓയൂർ സ്വദേശിയെ വിവാഹം ചെയ്ത അർച്ചന വർഷങ്ങൾക്കു മുൻപ് വിവാഹബന്ധം വേർപെടുത്തി. ഈയിടെയാണ് ശിവകൃഷ്ണയുമായി പരിചയത്തിലായത്. രഹസ്യമായി വിദേശത്തേക്കു പോകാൻ അർച്ചന പാസ്‌പോർട്ട് എടുത്തിരുന്നു. പക്ഷേ ഇതു മനസ്സിലാക്കിയ ശിവകൃഷ്ണ അന്നുമുതൽ കലഹമായിരുന്നുവെന്നും പൊലീസ് പറയുന്നു.


കിണറ്റിൽച്ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിന്റെ ആൾമറയും തൂണുകളും ഇടിഞ്ഞുവീണ് കൊട്ടാരക്കര അഗ്നിരക്ഷാനിലയത്തിലെ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ ആറ്റിങ്ങൽ ഇളമ്പ എച്ച്എസിനു സമീപം 'ഹൃദ്യ'ത്തിൽ സോണി എസ് കുമാർ (36), നെടുവത്തൂർ ആനക്കോട്ടൂർ പടിഞ്ഞാറ് മുണ്ടുപാറ മുകളുവിള ഭാഗം സ്വപ്ന വിലാസത്തിൽ (വിഷ്ണു വിലാസം)അർച്ചന (33), കൊടുങ്ങല്ലൂർ അഴീക്കോട് മാങ്ങാംപറമ്പിൽ ശിവകൃഷ്ണ (23) എന്നിവരാണു മരിച്ചത്.


കിണറ്റിലേക്കിറങ്ങിയ സോണി, മോട്ടറിന്റെ പൈപ്പിൽ പിടിച്ചു കിടന്ന അർച്ചനയെ വലയിലാക്കി മുകളിലേക്കു കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെ വിധിയുടെ രൂപത്തിൽ ആൾമറയുടെ ഭാഗവും തൂണുകളും തകർന്നു താഴേക്കു പതിക്കുകയായിരുന്നു. ഒരു കൈ കൊണ്ടു തൂണിൽ പിടിച്ച് കിണറിനുള്ളിലേക്കു ടോർച്ച് തെളിച്ചു നിൽക്കുകയായിരുന്ന ശിവകൃഷ്ണയും പിന്നാലെ കിണറ്റിലേക്കു വീഴുകയായിരുന്നു. അർച്ചനയ്ക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഇതിൽ മൂത്തയാൾ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. മറ്റു രണ്ടു കുട്ടികൾ ആറിലും നാലാം ക്ലാസിലുമാണ് പഠിക്കുന്നത്.


Previous Post Next Post