തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ 'പിഎം ശ്രീ' സംസ്ഥാനത്ത് നടപ്പാക്കുന്നതിനെ കുറിച്ച് എൽഡിഎഫിൽ ചർച്ച ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സംസ്ഥാന ഘടകമെടുക്കുന്ന തീരുമാനത്തിൽ ആവശ്യമെങ്കിൽ ദേശീയ നേതൃത്വം ഇടപെടും. സിപിഐയെ അവഗണിക്കില്ലെന്നും ദേശീയ വിദ്യാഭ്യസനയം ഒരു കാരണവശാലും കേരളം അംഗികരിക്കില്ലെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു
'എങ്ങനെയാണ് വളരെയധികം സാമ്പത്തിക ഞെരുക്കം നേരിടുന്ന കേരളത്തിൽ വിദ്യാർഥികൾക്ക് പ്രയോജനമാകുന്ന വിധത്തിൽ കേന്ദ്രഫണ്ട് വിനിയോഗിക്കാൻ കഴിയുക എന്നുള്ളത് പരിശോധിക്കുകയെന്നാണ് ഇതിനെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചത്. സിപിഐ വിമർശനം ഉന്നയിച്ച സാഹചര്യത്തിൽ ഇടതുമുന്നണി ഈ വിഷയം ചർച്ച ചെയ്യും. സിപിഐയെ അവഗണിക്കുന്ന ഒരു സമീപനം അഖിലേന്ത്യാതലത്തിലോ സംസ്ഥാനതലത്തിലോ ഉണ്ടാകില്ല. ഇക്കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ ഇടുതുമുന്നണിക്കും സർക്കാരിനും കഴിയും. അവർ ചർച്ച ചെയ്ത് തീരുമാനമെടുക്കുമ്പോൾ അതിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ, അതുതന്നെ അംഗീകരിച്ചാൽ മതിയോ എന്നത് ദേശീയനേതൃത്വം ചർച്ച ചെയ്യും' -എംഎ ബേബി പറഞ്ഞു.
'പിഎം ശ്രീ'യിൽ ഒപ്പിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. എൽഡിഎഫോ മന്ത്രിസഭയോ ചർച്ച ചെയ്യാത്ത വിഷയം സ്വന്തംനിലയ്ക്കു നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പു തീരുമാനിക്കുകയാണ് ഉണ്ടായതെന്നാണ് സിപിഐ പറയുന്നത്. പദ്ധതിയുടെ ഭാഗമായാൽ കേരളം ഉയർത്തിപ്പിടിക്കുന്ന ബദൽ രാഷ്ട്രീയ സമീപനം ഇല്ലാതാകുമോ എന്ന് ആശങ്കയുണ്ടെന്നും എതിർപ്പറിയിക്കേണ്ടിടത്ത് അറിയിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
