'ഞാൻ ഉദ്ഘാടനം ചെയ്യണമെന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വപ്‌നദർശനം, അയ്യപ്പന്റെ ഒരു രൂപ തൊട്ടാൽ പോലും അനുഭവിക്കേണ്ടി വരും'

ചെന്നൈ: ശബരിമലയിലേക്കുള്ള സ്വർണപ്പാളികളുടെ ഉദ്ഘാടനത്തിനായി തന്നെ ക്ഷണിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയാണെന്ന് നടൻ ജയറാം. ശബരിമലയിൽ ഇനി കുറേക്കാലം വെക്കാൻ പോകുന്ന സംഗതി ഉദ്ഘാടനം ചെയ്യേണ്ടത് ജയറാമാണെന്ന് അയ്യപ്പൻ സ്വപ്നദർശനത്തിലൂടെ തന്നോട് പറഞ്ഞെന്നും അതിനാലാണ് ജയറാമിനെ സമീപിച്ചതെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതായി ജയറാം കൂട്ടിച്ചേർത്തു. അൻപതുകൊല്ലമായി മുടങ്ങാതെ ശബരിമലയിൽ പോകുന്ന ഭക്തൻ എന്ന നിലയിലാണ് താനാ ചടങ്ങിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.


ചെന്നൈയിലുണ്ടെങ്കിൽ ശബരിമലയ്ക്ക് പോകുന്നതിന് മുമ്പ് വന്ന് ഉദ്ഘാടനം ചെയ്താൻ നന്നാകുമെന്നും വീരമണി സാമിയെ പാടാൻ വിളിച്ചിട്ടുണ്ടെന്നും പറഞ്ഞു. ചടങ്ങിൽ വീരമണി സാമി പാടി, താനും കൂടെ പാടിയതായും ജയറാം പറഞ്ഞു. കർപ്പൂരമുഴിയുകയും ശരണം വിളിക്കുകയും ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയാണ് പൂജ ചെയ്തത്. പകുതിദിവസം ഷൂട്ടിങ്ങിന് അവധി നൽകിയാണ് താൻ ചടങ്ങിൽ പങ്കെടുത്തതെന്നും ജയറാം കൂട്ടിച്ചേർത്തു.


ഇത്രയധികം ഭക്തരുണ്ടായിട്ടും അയ്യപ്പ സ്വാമി തന്നെയാണ് ഈ ചടങ്ങിനായി തെരഞ്ഞെടുത്തതെന്ന് ഒരു സ്വകാര്യ അഹങ്കാരമായി താൻ പലരോടും പറഞ്ഞതായും ജയറാം ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്വപ്ന ദർശനത്തെ കുറിച്ച് പ്രതികരിച്ചു. 2019 ജൂൺ മാസത്തിൽ ചടങ്ങ് നടന്നതായാണ് സ്മാർട്ട് ക്രിയേഷൻസിന്റെ വെളിപ്പെടുത്തൽ. സ്മാർട്ട് ക്രിയേഷൻസിന്റെ ഓഫീസിൽ നടന്ന ഉദ്ഘാടനത്തിന്റെ ചടങ്ങിലാണ് ജയറാം പങ്കെടുത്തത്.


പൂജയിൽ പങ്കെടുക്കുന്നത് മഹാഭാഗ്യമാണെന്ന് കരുതിയെന്നും 5 വർഷത്തിന് ശേഷം ഇങ്ങനെ ആയിത്തീരുമെന്ന് കരുതിയില്ലെന്നും ജയറാം പറഞ്ഞു. സത്യം തെളിയട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ശിക്ഷ അനുഭവിച്ച് തന്നെ തീർക്കണം. അയ്യപ്പന്റെ ഒരു രൂപ തൊട്ടാൽ പോലും അനുഭവിക്കേണ്ടി വരും. തെറ്റ് ചെയ്തവർ പിടിക്കപ്പെടണം എന്നാണ് ആഗ്രഹമെന്നും ജയറാം പറഞ്ഞു. ദേവസ്വം വിജിലൻസ് മൊഴിയെടുത്തു എന്ന പ്രചാരണത്തെ ജയറാം തള്ളി.

Previous Post Next Post