തൃശൂർ: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് മർദ്ദനമേറ്റ ശേഷം പൊലീസ് കള്ള സ്ഫോടന കേസുണ്ടാക്കി കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അനാവശ്യമായാണ് പൊലീസ് തല്ലിയതെന്ന് എസ്പി പോലും സമ്മതിച്ചതാണ്. കോൺഗ്രസ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞുവെന്നത് കെട്ടിച്ചമച്ച കള്ളക്കേസാണ്. അങ്ങനെ ഒരു സംഭവമില്ല. അതിൽ ഷാഫി പറമ്പിലിനെയും കോൺഗ്രസ് നേതാക്കളെയും പ്രതിയാക്കിയിരിക്കുകയാണ്. വാദി പ്രതിയാകുന്ന സ്ഥിതിയാണ്. നൂറുകണക്കിന് പൊലീസ് വാനുകളും ജീപ്പുകളും രാത്രി മുഴുവൻ റോന്ത് ചുറ്റി വീടുകൾ കയറി കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ കയറി നിരപരാധികളെ അറസ്റ്റു ചെയ്യുകയാണ്.
'ഗൗരവതരമായ സംഭവമാണ് പേരാമ്പ്രയിൽ നടക്കുന്നത്. ഇതു വേണ്ട, കേരളത്തിൽ ബംഗാൾ ആവർത്തിക്കരുതെന്നാണ് മുഖ്യമന്ത്രിയോടും കേരള പൊലീസിനോടും പറയാനുള്ളത്. നിരപരാധികളായ കോൺഗ്രസ് പ്രവർത്തകരെ കൊലക്കേസ് പ്രതികളെ പിടിക്കുന്നതു പോലെയാണ് വീട്ടിൽ നിന്നും കൊണ്ടു പോകുന്നത്. പ്രധാനപ്പെട്ട നേതാക്കളെ പ്രതികളാക്കി പിടിച്ചുകൊണ്ടുപോയാൽ കേരളം മുഴുവൻ പിണറായി പൊലീസിന് ഇതു ചെയ്യേണ്ടിവരും. ഈ പരിപാടി നിർത്തണമെന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരോട് ഓർമ്മപ്പെടുത്തുകയാണ്. ഇല്ലെങ്കിൽ നിങ്ങളൊക്കെ ഇരിക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾ വരും. ഞങ്ങളെ വരുത്തരുത് എന്നാണ് വിനയപൂർവം പറയാനുള്ളത്'.
ശബരിമലയിലെ സ്വർണക്കവർച്ചയിൽ പോറ്റിയെ അറസ്റ്റു ചെയ്തത് വൈകിപ്പോയെന്നും വിഡി സതീശൻ പറഞ്ഞു. എല്ലാ ഇപ്പോൾ പോറ്റിയുടെ തലയിലായി. പോറ്റി ഇതൊക്കെ ചെയ്തെന്ന് അറിയാവുന്ന രാഷ്ട്രീയ നേതാക്കളും ബോർഡിലെ അംഗങ്ങളുമുണ്ടായിരുന്നു. എന്നിട്ടും ഇവരെല്ലാം ചേർന്ന് അത് മൂടിവയ്ക്കുകയായിരുന്നെന്നാണ് ഹൈക്കോടതി പറഞ്ഞത്. അന്ന് എന്തുകൊണ്ടാണ് പോറ്റിയ്ക്കെതിരെ നടപടി എടുക്കാതിരുന്നത്. പോറ്റി കുടുങ്ങിയാൽ എല്ലാവരും കുടുങ്ങുമെന്ന് ഇവർക്ക് അറിയാം. ഒരു ചടങ്ങിൽ വച്ച് കടകംപള്ളി സുരേന്ദ്രൻ പോറ്റിയെ പ്രകീർത്തിച്ച് പ്രസംഗിക്കുകയാണ്. അതിന്റെ തെളിവുകളുണ്ട്.
പോറ്റിയും മറ്റൊരാളും ചേർന്നാണ് വീട് വച്ചു നൽകിയത്. പോറ്റി വലിയൊരു ബിസിനസുകാരാണെന്നും വലിയ അയ്യപ്പ ഭക്തരാണെന്നും ഇവരുടെ നാലാമത്തെ പാട്ണർ സ്വാമി അയ്യപ്പനാണെന്നും അവിടുന്ന് കിട്ടുന്ന പണം ഉപയോഗിച്ചാണ് സേവന പ്രവർത്തനം നടത്തുന്നതെന്നും ഇത്രയും വലിയൊരു അയ്യപ്പ ഭക്തനെ കണ്ടിട്ടില്ലെന്നുമാണ് കടകംപള്ളി പറഞ്ഞത്. ഇവരൊക്കെ തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നു. ആ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അയാളെ ക്ഷണിച്ചു വരുത്തി ദ്വാരപാലക ശിൽപം വിൽക്കാനുള്ള സംവിധാനം ഉണ്ടാക്കിക്കൊടുത്തത്. വ്യാജ ചെമ്പു പാളി ഉണ്ടാക്കി ചെന്നൈയിലേക്ക് കൊടുത്തുവിടാൻ സഹായിച്ചതും ഇവരാണ്. ശബരിമലയിൽ നിന്നും ചെന്നൈയിൽ എത്താൻ ഒരു മാസം 9 ദിവസമാണെടുത്തത്. എല്ലാം തിരിച്ചറിഞ്ഞിട്ടും ഇവരെല്ലാം പോറ്റിയെ സംരക്ഷിക്കാനാണ് നിന്നത്. കോടതി ഇടപെട്ടതു കൊണ്ടും കോടതി നേരിട്ട് പ്രത്യേക അന്വേഷണ സംഘത്തെ വച്ചതു കൊണ്ടും മാത്രമാണ് പോറ്റി അറസ്റ്റിലായത്. ശരിയായി അന്വേഷിച്ചാൽ ഇവരെല്ലാം കേസിൽപ്പെടും. ഇപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെ ബോർഡ് ഒന്നടങ്കം പ്രതിയായി. ശരിയായി അന്വേഷിച്ചാൽ അന്നത്തെ ദേവസ്വം മന്ത്രിയും പ്രതിയാകും.
പോറ്റിക്ക് കൂട്ടു നിന്ന ഉദ്യോഗസ്ഥരുമുണ്ട്. ചെമ്പു പാളിയെന്ന് രേഖപ്പെടുത്തി ഇവർ പോറ്റിയെ രക്ഷിക്കാൻ ശ്രമിച്ചു. പോറ്റി കുടുങ്ങിയാൽ ഇവരും കുടുങ്ങും. കൂട്ടു നിൽക്കുന്ന ഉദ്യോസ്ഥരും ഇതിന് പിന്നിലുണ്ട്. മുൻ ദേവസ്വം മന്ത്രിക്ക് ഉൾപ്പെടെ പോറ്റിയുമായി ബന്ധമുണ്ട്. സി.പി.എമ്മിന്റെ ദേവസ്വം ബോർഡ് ദ്വാരപാലക ശിൽപം വിൽക്കുകയും വ്യാജ ചെമ്പു പാളി ഉണ്ടാക്കിയതും അറിഞ്ഞില്ലെങ്കിൽ ദേവസ്വം മന്ത്രിയായി ഇരിക്കുന്നത് എന്തിനാണ്? ദേവസ്വം മന്ത്രിക്ക് ദേവസ്വവുമായി ബന്ധമില്ലെങ്കിൽ ദേവസ്വം വകുപ്പിന് മന്ത്രിയുടെ ആവശ്യമില്ലല്ലോയെന്നും സതീശൻ ചോദിച്ചു.
എല്ലാം അറിഞ്ഞു കൊണ്ടാണ് 2025-ൽ വീണ്ടും സ്വർണം പൂശാൻ പോറ്റിയെ വിളിച്ചു വരുത്തിയത്. 2019ൽ പൂശിയതാണ് അഞ്ചു വർഷത്തിന് ശേഷം വീണ്ടും പൂശിയത്. വീണ്ടും അടിച്ചു മാറ്റാനാണ് വന്നത്. ശബരിമല ക്ഷേത്ര സന്നധിയിൽ തന്നെ അറ്റകുറ്റപ്പണി നടത്തണമെന്ന് തിരുവാഭരണ കമ്മിഷൻ കത്ത് നൽകിയതാണ്. എന്നാൽ പോറ്റിയെ തന്നെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം പ്രസിഡന്റ് കത്തെഴുതി. ദേവസ്വം ബോർഡിന്റെ സമ്മർദ്ദത്തെ തുടർന്ന് ദേവസ്വം കമ്മിഷണർ പ്ലേറ്റ് മാറ്റി. വീണ്ടും പോറ്റിയെ കൊണ്ടു വന്നാലെ കൂട്ടുകച്ചവടം നടക്കൂ. അതിനു വേണ്ടി ഇപ്പോഴത്തെ ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും വീണ്ടും ശ്രമിച്ചത്. ഇനി അടിച്ചുമാറ്റാനുള്ളത് അയ്യപ്പന്റെ തങ്കവിഗ്രഹം മാത്രമാണ്. അത് ലക്ഷ്യമിട്ടാണോ രണ്ടാമത്തെ പൂശിന് ഇറങ്ങിയതെന്ന സംശയമുണ്ട്. അയ്യപ്പന്റെ തങ്ക വിഗ്രഹം കൂടി പോയെനെ.
കെ.പി.സി.സി പുനസംഘടന പാർട്ടി ദേശീയ നേതൃത്വം ആലോചിച്ച് ചെയ്തതാണ്. കെ.പി.സി.സി സെക്രട്ടറിമാരെ പ്രഖ്യാപിക്കാൻ സാധിച്ചില്ലെന്ന വിഷമം മാത്രമെയുള്ളൂ. ഒരുപാട് ചെറുപ്പക്കാരായ ആളുകളുണ്ട്. ഒരുപാട് കേസുകളിൽ പ്രതികളായവരും ഒരുപാട് കഷ്ടപ്പെടുന്നവരുമുണ്ട്. അവരെക്കൂടി ഉൾക്കൊള്ളിച്ചുള്ള സെക്രട്ടറി പട്ടിക കൂടി വന്നാൽ നന്നായിരുന്നുവെന്ന അഭിപ്രായം മാത്രമെ പങ്കുവയ്ക്കുന്നുള്ളൂ. സംഘടനാപരമായ കാര്യങ്ങളിൽ അഭിപ്രായം പറയില്ല. അത് കെ.പി.സി.സി അധ്യക്ഷൻ പറയും.
സി.പി.എം സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ഇപ്പോൾ കെ.പി.സി.സി പ്രഖ്യാപിച്ചതിനേക്കാൾ കൂടുതൽ അംഗങ്ങളുണ്ട്. ആ ലിസ്റ്റെടുത്ത് ശിവൻകുട്ടി എണ്ണി നോക്കണം. സംസ്ഥാന കമ്മിറ്റിയിൽ ഇരിക്കുമ്പോൾ അവിടെ എത്ര പേർ ഉണ്ടെന്ന് അറിഞ്ഞിട്ടു വേണം മറ്റുള്ളവരെ ചൊറിയാൻ പോകാനെന്നും സതീശൻ പറഞ്ഞു.
