ദാദാസാഹേബ് ഫാല്‍ക്കേ പുരസ്കാരം നേടിയ മോഹൻലാലിന് നാടിന്‍റെ ആദരം. മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി ഇന്ന് തലസ്ഥാനത്ത് നടക്കും.
'മലയാളം വാനോളം, ലാല്‍സലാം' എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. പരിപാടിയില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുക്കും.
ഒരുക്കങ്ങള്‍ പൂർത്തിയായി
ആയിരക്കണക്കിന് പ്രേക്ഷക പങ്കാളിത്തം പ്രതീക്ഷിക്കുന്ന 'മലയാളം വാനോളം, ലാല്‍സലാം' ചടങ്ങിനായി ഒരുക്കങ്ങള്‍ പൂർത്തിയായി. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കൃത്യമായ സുരക്ഷാ നിയന്ത്രണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. പരിപാടിയുടെ ഒരുക്കങ്ങള്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനും തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള തൊഴില്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും വിലയിരുത്തി. പൊലീസ്, ഗതാഗതം, ഫയർ ആൻഡ് സേഫ്റ്റി, നഗരസഭ, ആരോഗ്യം തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ പ്രത്യേക പരിശീലനം ലഭിച്ച വോളൻ്റിയർമാരുമുണ്ട്. കാലാവസ്ഥ പരിഗണിച്ചാണ് സ്റ്റേഡിയത്തിലെ പന്തല്‍ ഒരുക്കിയിട്ടുള്ളതെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.