പിഎം ശ്രീ: സിപിഐയെ അനുനയിപ്പിക്കാന്‍ തിരക്കിട്ട് നീക്കവുമായി സിപിഎം

പിഎം ശ്രീ വിഷയത്തില്‍ സിപിഐയെ അനുനയിപ്പിക്കാന്‍ തിരക്കിട്ട് നീക്കവുമായി സിപിഎം. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ അതിവേഗം പ്രശ്‌നപരിഹാരത്തിനാണ് നീക്കം.

എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുകയല്ലാതെ മറ്റൊരു അനുനയത്തിനും ഇല്ലെന്നാണ് സിപിഐലെ ഒരു വിഭാഗത്തിന്റെ നിലപാട്.

മുഖ്യമന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറും സിപിഐ നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യും. മറ്റന്നാളാണ് നിര്‍ണായകമായ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്. അതിനുമുന്നേ സിപിഐയെ അനുനയിപ്പിക്കാന്‍ ആണ് സിപിഎം നീക്കം. അനുനയത്തിന് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങുമെന്നാണ് വിവരം. അതിനിടയാണ് അവസാനം ചേര്‍ന്ന മന്ത്രിസഭായോഗത്തിനും ഒരാഴ്ച മുമ്ബ് കരാര്‍ ഒപ്പിട്ടെന്ന രേഖകള്‍ പുറത്തുവന്നത്. ഇതും സിപിഐയെ കൂടുതല്‍ പ്രകോപിച്ചിട്ടുണ്ട്.

വിഷയത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുമായി സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. ശക്തമായ പ്രതിഷേധം അറിയിക്കാനാണ് സിപിഐ തീരുമാനം. നിലവില്‍ ചെന്നൈയിലുള്ള ബേബി ഉച്ചയോടെ ഡല്‍ഹിയില്‍ മടങ്ങിയെത്തും. സിപിഎം മുന്നണി മര്യാദകള്‍ ലംഘിച്ചെന്ന കടുത്ത അമര്‍ഷവും സിപിഐ നേതൃത്വത്തിനുണ്ട്. ഡല്‍ഹിയില്‍ ഇന്ന് ചേരുന്ന സിപിഐ ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തിലും പിഎം ശ്രീ പ്രധാന ചര്‍ച്ചയാകും.

നാളെയാണ് ഗള്‍ഫ് പര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി കൊച്ചിയില്‍ തിരിച്ചെത്തുന്നത്. സിപിഐ എക്‌സിക്യൂട്ടീവിനു മുമ്ബ് എല്‍ഡിഎഫ് യോഗം വിളിച്ചു ചേര്‍ക്കാനാണ് ആലോചന. തിങ്കളാഴ്ച സിപിഐ എക്‌സിക്യൂട്ടീവ് യോഗം ആലപ്പുഴയില്‍ ചേരുന്നതിനാല്‍ നാളെ കൊച്ചിയില്‍ എല്‍ഡിഎഫ് യോഗം ചേരാനും സാധ്യതയുണ്ട്.
Previous Post Next Post