പിഎം ശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ ഒപ്പിട്ടതില്‍ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ മൗനം വേദനിപ്പിച്ചെന്ന് സിപിഐ നേതാവ് കെ പ്രകാശ് ബാബു.
പിഎം ശ്രീ വിവാദം ചര്‍ച്ച ചെയ്യാനായി ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിക്കാതെയാണ് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയെ കാണാന്‍ പോയത്. സമയം തെറ്റിക്കണ്ട എന്നു കരുതിയാണ് ഭക്ഷണം പോലും ഒഴിവാക്കി കൂടിക്കാഴ്ചയ്ക്ക് ചെന്നത്. ഈ വിഷയത്തില്‍ സിപിഐയുടെ ആശങ്കയും പാര്‍ട്ടി നിലപാടും അറിയിച്ചുവെന്ന് പ്രകാശ് ബാബു പറഞ്ഞു.
ഈ നിലപാട് സിപിഎം-സിപിഐ പാര്‍ട്ടികളുടെ ഒരുമിച്ചുള്ള നിലപാടു കൂടിയാണ്. ആ നിലപാടിലെ മാറ്റം സംബന്ധിച്ച് എം എ ബേബിയെ ധരിപ്പിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ പോയതുപോലെ എന്തുകൊണ്ട് നിയമപോരാട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നും ചോദിച്ചു. കേരളത്തിലെ പാര്‍ട്ടിയോടും സംസ്ഥാന സര്‍ക്കാരിനോടും, പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട നടപടി പുനഃപരിശോധിക്കാന്‍ കഴിയുമോ?, ഇതേപ്പറ്റി ആലോചിക്കുമോ എന്നെല്ലാം ചോദിച്ചിരുന്നു.
എന്നാല്‍ എല്ലാത്തിനും മൗനമായിരുന്നു എംഎ ബേബിയുടെ മറുപടി. ആ പ്രതികരണം തന്നെ വളരെയേറെ വേദനിപ്പിച്ചുവെന്ന് സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം കെ പ്രകാശ് ബാബു പറഞ്ഞു. വളരെയേറെ കഴിവുള്ള, നല്ലതുപോലെ ഇടപെടാന്‍ അറിയാവുന്ന എംഎ ബേബി ഈ വിഷയത്തില്‍ നിസഹായത പ്രകടിപ്പിക്കുകയാണ് ചെയ്തത്. അതെന്തുകൊണ്ടാണെന്ന് അറിയില്ല. അതില്‍ വളരെ വിഷമമുണ്ടെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.