കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട ക്രമക്കേട് സിബിഐ അന്വേഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. 1998ൽ വിജയ് മല്യ നൽകിയ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാർ വ്യക്തമാക്കണം. 2019 ൽ അറ്റകുറ്റകുറ്റപ്പണിക്കായി സ്വർണപ്പാളികൾ കൊണ്ടുപോയപ്പോൾ നാൽപതോളം ദിവസമാണ് ഇത് ചെന്നൈയിൽ എത്താൻ എടുത്തത്. ഇക്കാലയളവിൽ എന്താണ് നടന്നത് എന്ന് പുറത്ത് വരണം. സ്വർണം അടിച്ചുമാറ്റാനുള്ള നടപടികൾ ആയിരുന്നോ നടന്നത് അതോ പൂജ നടത്തി പണമുണ്ടാക്കുകയായിരുന്നോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആലുവയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
തട്ടിപ്പ് പുറത്തുവന്ന പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, ദേവസ്വം മന്ത്രി എന്നിവർ രാജിവയ്ക്കണം. 2019 ൽ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ, അന്നത്തെ ബോർഡ് പ്രസിഡന്റ് എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. സ്വർണപ്പാളി ക്രമക്കേടിൽ സിബിഐ അന്വേഷണം വേണം. നടപടികൾ ഉണ്ടായില്ലെങ്കിൽ യുഡിഎഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അന്തർസംസ്ഥാന ബന്ധമുള്ള തട്ടിപ്പാണ് സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്. അതിനാൽ സിബിഐ അന്വേഷണം വേണം. സ്വർണം നഷ്ടപ്പെട്ട വിവരം ദേവസ്വം ബോർഡിന് അറിയാമായിരുന്നിട്ടും രേഖകൾ മൂടിവച്ചു. പലരും തട്ടിപ്പിന്റെ പങ്കുപറ്റി എന്നതിന്റെ തെളിവാണിത്. ഇപ്പോൾ പ്രതിസ്ഥാനത്തുള്ള ഉണ്ണികൃഷ്ണൻ പോറ്റി തട്ടിപ്പിന്റെ ഇടനിലക്കാരനാണ്. 2019 ൽ പൂശാൻ കൊണ്ടുപോയ സ്വർണം നഷ്ടമായിട്ടുണ്ടെന്ന് അറിഞ്ഞിട്ടും വീണ്ടും പോറ്റിയെ ഉപയോഗിച്ചത് തട്ടിപ്പിന്റെ കൂട്ടുകച്ചവടത്തിന്റെ തെളിവാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
തട്ടിപ്പ് നടത്തിയ വ്യക്തിയെ തന്നെ വീണ്ടും വിളിച്ചു വരുത്തി വീണ്ടും സ്വർണം പൂശാൻ ഏൽപ്പിച്ചു. തട്ടിപ്പ് എന്തിന് മൂടിവച്ചു, എന്തുകൊണ്ട് അന്വേഷണം നടത്തിയില്ല. കുറവ് വരുത്തിയവരെ എന്തിന് വീണ്ടും വിളിച്ചുവരുത്തി എന്നീ മൂന്ന് ചോദ്യങ്ങൾക്കാണ് ഉത്തരം കിട്ടേണ്ടത്. വിഷയത്തിൽ കോടതി ഇടപെട്ടില്ലെങ്കിൽ തട്ടിപ്പ് ആരും അറിയില്ലായിരുന്നു. അയ്യപ്പവിഗ്രഹം അടിച്ചുമാറ്റാത്തിന് നന്ദിണ്ടെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
