കോഴിക്കോട്: യൂത്ത് കോൺഗ്രസ് അധ്യക്ഷ നിയമനത്തിൽ അതൃപ്തി പരസ്യമാക്കി ദേശീയ സെക്രട്ടറിയായി നിയമിക്കപ്പെട്ട അബിൻ വർക്കി. ദേശീയ തലത്തിൽ പ്രവർത്തിക്കാൻ താത്പര്യമില്ലെന്ന് സൂചന നൽകിയ അബിൻ വർക്കി, തീരുമാനം പുനഃപരിശോധിക്കാൻ നേതൃത്വത്തോട് അഭ്യർഥിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. സാമുദായിക പരിഗണനയാണോ അധ്യക്ഷ നിയമനത്തിൽ നിർണായകമായത് എന്ന ചോദ്യത്തിന് നേതൃത്വമാണ് ഇക്കാര്യത്തിൽ മറുപടി പറയേണ്ടത് എന്നും അബിൻ വർക്കി പറഞ്ഞു. പല ഘടകങ്ങൾ കണക്കിലെടുത്ത് പാർട്ടി നേതൃത്വം എടുത്ത തീരുമാനം താൻ അംഗീകരിക്കുന്നു. എങ്കിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ തുടരാൻ അവസരം നൽകണമെന്ന് നേതൃത്വത്തോട് അഭ്യർഥിച്ചതായും അബിൻ വർക്കി പറഞ്ഞു.
ഒരു തരത്തിലും ഒരു വെല്ലുവിളിയായി ഇതിനെ കാണരുത്. അടിയുറച്ച പാർട്ടി പ്രവർത്തകനായി തുടരാനാണ് താൻ ആഗ്രഹിക്കുന്നത്. പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കാനാണ് ഇഷ്ടം. കോൺഗ്രസ് എന്ന വികാരം മാത്രമാണ് തന്റെ നെഞ്ചിലുള്ളത്. തന്നെ കേരളത്തിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് നേതൃത്വത്തോട് അഭ്യർഥിച്ചിട്ടുണ്ട്. സുപ്രധാന സമയത്ത് കേരളത്തിൽ തന്നെ തുടരാനാണ് തന്റെ താത്പര്യം. പാർട്ടി തീരുമാനത്തെ മറിച്ചുപറയില്ല. അവസാന ശ്വാസം വരെ പാർട്ടി തീരുമാനം അംഗീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'ഞാൻ കടപ്പെട്ടിരിക്കുന്നത് രാഹുൽ ഗാന്ധിയോടാണ്. യൂത്ത് കോൺഗ്രസിനുള്ളിൽ തുടങ്ങിവെച്ച ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഞാൻ ഉൾപ്പെടെയുള്ളവർ കടന്നുവന്നത്. പാർട്ടി എന്താണ് ആവശ്യപ്പെട്ടത് അതാണ് ഞാൻ ചെയ്യുന്നത്. എന്റെ പേരിനൊപ്പം കോൺഗ്രസ് എന്ന ടാഗ് കൂടി വന്നാലേ മേൽവിലാസം ഉണ്ടാവൂ എന്നാണ് ഞാൻ കരുതുന്നത്. മേൽവിലാസത്തെ കളങ്കപ്പെടുത്തുന്ന ഒന്നും തന്നെ എന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല.പാർട്ടി കേരളത്തിൽ നടത്തുന്നത് മഹാ യുദ്ധമാണ്. ആ മഹായുദ്ധം നടക്കുമ്പോൾ കേരളത്തിൽ ഉണ്ടാവേണ്ടത് ഒരു അനിവാര്യതയാണ്. കാരണം ഞാൻ അടക്കമുള്ള നേതാക്കൾ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെയും ബിജെപി സർക്കാരിനെതിരെയും സാധാരണ പ്രവർത്തകർക്കൊപ്പം സമരങ്ങൾ നടത്തിവരികയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പാടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പുകൾ കോൺഗ്രസിന് സുപ്രധാനമാണ്. അതിനാൽ കേരളത്തിൽ പ്രവർത്തനം തുടരണമെന്നതാണ് എന്റെ ആഗ്രഹം. ഈ പ്രഖ്യാപനം വന്നതിന് ശേഷം നേതാക്കന്മാരോട് അഭ്യർഥിച്ചിട്ടുണ്ട്. കേരളത്തിൽ തുടരാൻ അവസരം തരണമെന്നാണ് അഭ്യർഥിച്ചത്.'- അബിൻ വർക്കി തുടർന്നു.
'പാർട്ടി തീരുമാനം തെറ്റായി പോയി എന്ന് പറയില്ല. പല ഘടകങ്ങൾ വിലയിരുത്തി കൊണ്ടാണ് തീരുമാനം എടുത്തത്.തീരുമാനം തെറ്റായി എന്ന് പറയില്ല.എന്റെ താത്പര്യം പാർട്ടിയോട് പറഞ്ഞു.ഇവിടെ തുടരാനാണ് ആഗ്രഹം. പിണറായി സർക്കാരിനെതിരെയുള്ള സമരത്തിൽ പങ്കെടുക്കാനാണ് ആഗ്രഹം. വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടി പ്രവർത്തകനായി ഇവിടെ നിൽക്കാനാണ് ആഗ്രഹിക്കുന്നത്. കേരളത്തിൽ തുടരാൻ അനുവദിക്കണം. അഭ്യർഥിച്ചിട്ടുണ്ട്. നേതൃത്വം എന്തു തീരുമാനമെടുത്താലും ഞാൻ അംഗീകരിക്കും.എന്നെ വെട്ടിക്കണ്ടിച്ച് രണ്ട് കഷ്ണമാക്കിയാലും എന്റെയുളളിൽ നിന്ന് ചോരയായിരിക്കില്ല വരുന്നത്.ത്രിവർണം ആയിരിക്കും.പാർട്ടിയിൽ പ്രവർത്തിക്കുകയായിരുന്നില്ല. ജീവിക്കുകയായിരുന്നു. ഞാൻ പ്രത്യേക സമുദായക്കാരനായത് കൊണ്ടാണോ ആ ഘടകം എന്ന് ചോദിച്ചാൽ നേതൃത്വമാണ് പറയേണ്ടത്. പക്ഷേ ഞാൻ കരുതുന്നില്ല. മതേതരത്വം പേറുന്ന പ്രസ്ഥാനത്തിന് അങ്ങനയൊക്കെ ചെയ്യാൻ സാധിക്കുമോ?ഞാൻ ക്രിസ്ത്യാനിയായതാണോ എന്റെ കുഴപ്പം?, അതല്ലല്ലോ'- അബിൻ വർക്കി കൂട്ടിച്ചേർത്തു.
