തിരുവനന്തപുരം: കേരളം അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്ന സർക്കാരിന്റെ തീരുമാനം രാഷ്ട്രീയ പ്രചാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുകയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. എൽഡിഎഫിന്റെ പ്രകടന പത്രികയിൽ പരമ ദരിദ്രർ നാല് ലക്ഷം ഉണ്ടെന്നാണ് പറഞ്ഞത്. പദ്ധതിയിൽ അത് 64000 ആയിമാറി, പരമ ദരിദ്രരും അതീവ ദരിദ്രരും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. അതി ദരിദ്രർ ഇല്ലെന്നത് രാഷ്ട്രീയ പ്രചാരണമാണ്. അവർക്ക് സർക്കാർ നീതി നൽകുന്നില്ല. രേഖകൾ പോലുമില്ലാത്ത അഗതികളായവർ കേരളത്തിൽ ഒന്നര ലക്ഷം പേരുണ്ടായിരുന്നു. അവരെ കുറിച്ച് പട്ടികയിൽ പരാമർശമില്ല. ഇത്തരം പട്ടികകൾ തയ്യാറേണ്ടത് കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കേരളത്തിലെ പട്ടിക ജാതി - പട്ടിക വർഗ കുടുംബങ്ങളുടെ കണക്കിൽ ഉൾപ്പെടെ അവ്യക്തതയുണ്ട്. 2011 ലെ സെൻസസ് പ്രകാരം 1.16 ലക്ഷം കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികളുണ്ട് കേരളത്തിൽ. സർക്കാരിന്റെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് വെറും 6400 പേരാണുള്ളത്. ബാക്കിയുള്ളവർ എവിടെ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒരു ലക്ഷത്തിപതിനായിരം വരുന്ന ആദിവാസികൾ സുരക്ഷിതമാണോ എന്ന് സർക്കാർ വ്യക്തമാക്കണം. ഒരു മാനദണ്ഡവും ഇല്ലാതെ സർക്കാർ ഒരു പട്ടിക ഉണ്ടാക്കുന്നു. ആ പട്ടിക ശരിയെന്ന് പറയുന്നു.
ക്ഷേമ പെൻഷൻ ഉയർത്തിയത് ഉൾപ്പെടെയുള്ള സർക്കാരിന്റെ പ്രഖ്യാപനം മലയാളികളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. ക്ഷേമ പെൻഷൻ 2500 രൂപയാക്കി ഉയർത്തും എന്ന് പ്രകടന പത്രികയിൽ പറഞ്ഞവർ നാലര വർഷം നടപടി എടുത്തില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ 2000 രൂപയാക്കി പ്രഖ്യാപനം നടത്തി ആഘോഷം നടത്തുകയാണ്. നാലരക്കൊല്ലം ഒരു രൂപ പോലും കൂട്ടിയില്ല. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്.
കള്ളക്കണക്കുകൾ അവതരിപ്പിച്ച് കേരളം അതീവ ദരിദ്രരില്ലാത്ത സംസ്ഥാനം എന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. സർക്കാർ ഇതിൽ നിന്നും പിൻമാറണം. കേരളത്തിൽ അതീവ ദരിദ്രരും പരമ ദരിദ്രരും ഉണ്ട്. മാനദണ്ഡങ്ങൾ വിദ്ധമായാണ് പ്രഖ്യാപനം. ഈ പട്ടിക തെറ്റാണ് പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. പാവപ്പെട്ടവരെ സഹായിക്കുന്നതിൽ പ്രതിപക്ഷത്തിന് എതിർപ്പില്ല. ഇപ്പോൾ പറയുന്ന കണക്കിനെയാണ് വിമർശിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ എഎവൈ എന്നത് ദരിദ്രരിൽ ദരിദ്രർ എന്ന വിഭാഗത്തിനാണ്. 595000 പേരുണ്ടെന്ന കണക്കിലാണ് അവർക്ക് അരിയും ഗോതമ്പും സൗജന്യമായി നൽകുന്നത്. ഇവർക്ക് വേണ്ട വൈദ്യസഹായം ഉൾപ്പെടെ സർക്കാർ ചെയ്യുന്നുണ്ടോ. ഒറ്റപ്പെട്ട് ജീവിക്കുന്നവർ പോലും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സർക്കാർ വൃത്തങ്ങൾ ആദിവാസി ഊരുകൾ കണ്ടിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.
