'പൊറോട്ടയും ബീഫും'; ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു; യുവതി പ്രവേശനം വീണ്ടും ചർച്ചയായതിൽ സന്തോഷമെന്ന് എൻകെ പ്രേമചന്ദ്രൻ

കൊല്ലം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായതിനു പിന്നാലെ പൊറോട്ട-ബീഫ് ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രൻ എംപി. ശബരിമല സ്ത്രീ പ്രവേശനം വീണ്ടും ചർച്ചയായതിൽ സന്തോഷമുണ്ടെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. കനകദുർഗയും ബിന്ദു അമ്മിണിയും പൊറോട്ട ആവശ്യപ്പെട്ടപ്പോൾ അതുവാങ്ങിക്കൊടുത്ത് ആരും കാണാതെ പൊലീസ് വാനിൽ കിടത്തി പമ്പയിൽ കൊണ്ടുവന്നതിന് ശേഷം മലചവിട്ടാൻ കൊണ്ടുപോകുകയായിരുന്നെന്നും പ്രേമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീപ്രവേശനത്തിനുവേണ്ട ക്രമീകരണങ്ങളൊരുക്കാൻ ഉന്നത പൊലീസുദ്യോഗസ്ഥർക്ക് നിർദേശംനൽകിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആവർത്തിച്ചു.


ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വരുന്നത് 2018 സെപ്റ്റംബർ 28-നാണ്. ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി പിറ്റേന്നുതന്നെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് സ്ത്രീപ്രവേശന സാധ്യത ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് ചെയ്തത്. അതിനെത്തുടർന്നാണ് ഒക്ടോബർ ഒൻപതിന് രഹ്ന ഫാത്തിമ പോലീസിന്റെ അകമ്പടിയോടെ സന്നിധാനംവരെ എത്തിച്ചേർന്നത്. ജനുവരി രണ്ടിനാണ് ബിന്ദു അമ്മിണിയും കനകദുർഗയും മല ചവിട്ടാൻ പൊലീസ് അകമ്പടിയോടെ അവിടെ എത്തിച്ചേർന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.



ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണാണ് ആദ്യമായി ഈ വിഷയം പത്രസമ്മേളനം വിളിച്ചറിയിച്ചത്. കോട്ടയത്ത് പൊലീസ് ക്ലബ്ബിൽ പോലീസ് ഉദ്യോഗസ്ഥർ പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്തതിന് ശേഷമാണ് അവരെ മലചവിട്ടാൻ കൊണ്ടുപോയത് എന്നത് സംബന്ധിച്ച് കൃത്യമായി അദ്ദേഹം പത്രസമ്മേളനത്തിൽ അന്ന് പറഞ്ഞിരുന്നു. പിന്നീട് ഇക്കാര്യം പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവർത്തിച്ചു. ഷിബു ബേബി ജോണും വിഡി സതീശനും പറഞ്ഞപ്പൊഴൊന്നുമില്ലാത്ത ആക്രമണമാണ് സിപിഎം സൈബർ സംഘത്തിന്റെ നേൃത്വത്തിൽ തനിക്കെതിരെ നടത്തുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.


പൊറോട്ട-ബീഫ് വിഷയത്തിൽ ബിന്ദു അമ്മിണി മറുപടിയുമായെത്തിയിരുന്നു. 'ബീഫ് എനിക്കിഷ്ടമാണ്. പക്ഷേ, പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പർ ആണ്' എന്നായിരുന്നു ബിന്ദു ഫെയ്സ്ബുക്കിൽ കുറിച്ചത്. പിന്നാലെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തി. മനോഹരമായ ആ പേര് ഒരാളിൽമാത്രം 'വിഷചന്ദ്രൻ' എന്നായിരിക്കുമെന്ന് ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.


പൊറോട്ടയും ബീഫും നൽകി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ച പിണറായി സർക്കാർ വിശ്വാസത്തെ വികലമാക്കിയെന്നും അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പും ആൾക്കാരുമാണ് പമ്പയിൽ കഴിഞ്ഞദിവസം ആഗോള അയ്യപ്പസംഗമം നടത്തിയതെന്നുമായിരുന്നു പ്രേമചന്ദ്രന്റെ പ്രസ്താവന. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെയ്ക്കുകയായിരുന്നു. കഴിഞ്ഞദിവസം ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു പ്രേമചന്ദ്രന്റെ വാക്കുകൾ.

Previous Post Next Post