കോട്ടയം: പുതുപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടിയെ അപമാനിച്ചുവെന്നാരോപിച്ചാണ് എംഎൽഎയുടെ എകാംഗ പ്രതിഷേധം. കഴിഞ്ഞ അഞ്ചുവർഷമായി ഒന്നും ചെയ്യാതെ പാതിവഴിയിൽ പണി ഉപേക്ഷിച്ച മിനി സിവിൽസ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേര് നൽകി ഉദ്ഘാടനം നിർവഹിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുകയാണെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.
'എന്റെ പിതാവ് നേതൃത്വം കൊടുത്ത് പണിത കമ്യൂണിറ്റി ഹാൾ ഇവിടെയുണ്ട്. വേണമെങ്കിൽ അതിന് അദ്ദേഹത്തിന്റെ പേരിടാം. അതിന് ഇഎംഎസിന്റെ പേരാണ് ഇട്ടത്. പണി പൂർത്തിയാകാത്ത സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് ഇട്ട് പഞ്ചായത്ത് അപമാനിക്കുകയാണ്. പുതുപ്പള്ളിയോട് കാണിക്കുന്ന അവഗണന കേരളത്തിലെ ജനം കാണട്ടെ. അദ്ദേഹത്തെ അപമാനിക്കാണ് ഇത്തരമൊരു ഉദ്ഘാടനം നടത്തിയത്. ഇതൊന്നും കേരളം അംഗീകരിക്കില്ല. അതിൽ പ്രതിഷേധിച്ചാണ് ഒരുമകൻ എന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും പ്രതിഷേധം ഇരിക്കുന്നത്' - ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുതുപ്പള്ളിയിലെ ജനങ്ങൾ തിരിച്ചറിയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയിലെ വികസന സദസ്സിന്റെ പ്രചാരണ ബോർഡിൽ അനുവാദമില്ലാതെ തന്റെ ചിത്രം വെച്ചിരിക്കുന്നു. കേരളത്തിൽ യുഡിഎഫ് ബഹിഷ്‌കരിച്ച ചടങ്ങിൽ താൻ പങ്കെടുക്കുന്നുവെന്ന രീതിയിൽ പ്രചാരണം നടത്തുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
