തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. 'കാട്ടുകള്ളന്മാർ, അമ്പലം വിഴുങ്ങികൾ', ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവെയ്ക്കുക എന്നടക്കം എഴുതിയ ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സ്പീക്കർ ചോദ്യോത്തര വേളയുമായി മുന്നോട്ടുപോയപ്പോഴാണ് പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയത്. സ്പീക്കറെ മറച്ച് ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സ്പീക്കർ ചോദ്യോത്തരവേള റദ്ദാക്കി.
ചോദ്യോത്തര വേളയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിഷയം ഉന്നയിച്ചു. സ്വർണം കാണാതായ സംഭവത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവനും ദേവസ്വം പ്രസിഡന്റും രാജിവയ്ക്കണം. ശബരിമല വിഷയം സഭയിൽ ഉന്നയിക്കാൻ സർക്കാർ സമ്മതിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്ന പ്രവണത രാജ്യത്ത് ഒരിടത്തും ഇല്ലെന്നും ഇത് ശരിയായ രീതിയല്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് അംഗങ്ങളെ നിയന്ത്രിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സഭയിലെ പുതിയ അംഗങ്ങളായ ആര്യാടൻ ഷൗക്കത്തിനോടും ചാണ്ടി ഉമ്മനോടുമൊക്കെ ബാനർ പിടിക്കുന്നത് ശരിയാണോ എന്ന് മന്ത്രി ബാലഗോപാൽ ചോദിച്ചു. നോട്ടീസ് നൽകാതെ എന്തു പ്രതിഷേധമെന്ന് സ്പീക്കർ ഷംസീർ ചോദിച്ചു. പ്രതിഷേധത്തിന്റെ കാര്യം പറയൂ. നോട്ടീസ് നൽകിയാൽ വിഷയം ചർച്ച ചെയ്യാമെന്നും സ്പീക്കർ പറഞ്ഞു. സ്പീക്കറെ മറച്ച് ബാനർ പിടിച്ചതിൽ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തി. പ്രതിപക്ഷത്തിന് ഒരു മര്യാദയുമില്ല. നിയമസഭയിൽ എങ്ങനെ സമരം ചെയ്യണമെന്ന് പറഞ്ഞു തരാമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. പ്രതിപക്ഷത്തിന് ഭീരുത്വമാണെന്നും, ചർച്ചയെ നേരിടാൻ ഭയമാണെന്നും മന്ത്രി എം ബി രാജേഷ് കുറ്റപ്പെടുത്തി. സ്പീക്കറെ മറച്ച് ബാനർ പിടിച്ചതിനെതിരെ ഭരണപക്ഷവും പ്രതിഷേധിച്ചതോടെ ബഹളത്തെത്തുടർന്ന് സഭ തൽക്കാലത്തേക്ക് സ്പീക്കർ നിർത്തിവെക്കുകയായിരുന്നു.
