'മുടിയഴിച്ച് വീടിന്റെ മുറ്റത്ത് ഇരിക്കാൻ പറഞ്ഞു', മന്ത്രവാദത്തിന് തയ്യാറായില്ല; യുവതിയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു പൊള്ളിച്ച് ഭർത്താവ്

കൊല്ലം: മന്ത്രവാദത്തിന് തയ്യാറാകാത്തതിന് ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു പൊള്ളിച്ച് ഭർത്താവ്. കൊല്ലം ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ റെജീല(35)യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്. പൊള്ളലേറ്റ റെജീലയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെജീല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് സജീറിനെതിരെ ചടയമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.


ബുധനാഴ്ച രാവിലെ 9 മണിക്കാണ് സംഭവം. റെജീലയ്ക്ക് മാനസികമായി ചില പ്രശ്‌നങ്ങളുണ്ട്. ഇത് പരിഹരിക്കുന്നതിന് സജീർ ഒരു ഉസ്താദിനെ സമീപിച്ചു. ഉസ്താദ് നൽകിയ ചെമ്പു തകിടും ഭസ്മവും സജീർ വീട്ടിൽ കൊണ്ടുവന്നു. തുടർന്ന് ഉസ്താദ് പറഞ്ഞതനുസരിച്ച് മുടിയഴിച്ച് വീടിന്റെ മുറ്റത്ത് ഇരിക്കാൻ സജീർ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് റെജീല തയ്യാറായില്ല. രണ്ടുദിവസം മുൻപാണ് ഈ സംഭവം നടന്നത്. ഇതിനെ ചൊല്ലി കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്നലെ രാവിലെ വീണ്ടും ഇരുവരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടു.


ഈസമയത്ത് അടുക്കളയിൽ മീൻകറി തയ്യാറാക്കുകയായിരുന്നു റെജീല. ഇരുവരും തമ്മിലുള്ള തർക്കത്തെ തുടർന്ന് കുപിതനായ സജീർ മുഖത്ത് തിളച്ച മീൻകറി ഒഴിച്ച് പൊള്ളിച്ചതായാണ് പരാതിയിൽ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. റെജീലയുടെ മുഖത്താകെ പൊള്ളലേറ്റിട്ടുണ്ട്. ഇതിന് മുൻപും ഭർത്താവിൽ നിന്ന് മർദ്ദനമേറ്റിട്ടുള്ളതായും യുവതിയുടെ പരാതിയിൽ പറയുന്നു. നേരത്തെ നിരവധി തവണ, അന്ധവിശ്വാസത്തിന് അടിമയായ ഭർത്താവ് മന്ത്രവാദത്തിന് തന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. എന്നാൽ വിശ്വാസിയായ താൻ ഇതിന് തയ്യാറല്ലെന്ന് ഒരുപാട് തവണ റെജീല ഭർത്താവിനോട് പറഞ്ഞിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

Previous Post Next Post