അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: പരിക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി, മസിലുകള്‍ ചതഞ്ഞരഞ്ഞ നിലയില്‍

തൊടുപുഴ: ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി. വീടിനകത്ത് മണ്ണിടിഞ്ഞുവീണ് കോണ്‍ക്രീറ്റ് ബീമുകള്‍ക്കിടയില്‍പ്പെട്ടാണ് സന്ധ്യയുടെ കാലിന് പരിക്കേറ്റത്. മുട്ടിന് താഴെയാണ് മുറിച്ചുമാറ്റിയത്. ശസ്ത്രക്രിയയില്‍ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകള്‍ ചതഞ്ഞരഞ്ഞതിനാല്‍ കാല്‍ മുറിച്ചുമാറ്റാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സന്ധ്യയുടെ ചികിത്സാ ചെലവ് വഹിക്കാമെന്ന് സർക്കാർ വാഗ്ദാനം നൽകിയെങ്കിലും തുടർനടപടികൾ ഇതുവരെ ഉണ്ടായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ആരോഗ്യ കാര്യങ്ങൾ അന്വേഷിക്കാൻ അധികൃതർ ആരും വിളിക്കുന്നില്ലെന്നും സന്ധ്യയുടെ ബന്ധുക്കൾ പരാതിപ്പെട്ടു.


അടിമാലി കൂമ്പൻപാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സന്ധ്യയുടെ ഭർത്താവ് നെടുമ്പള്ളിക്കുടിയിൽ ബിജു (45) മരിച്ചിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്നും ബിജുവിന്റെതടക്കം 22 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. എന്നാൽ രാത്രിയിൽ ഭക്ഷണം കഴിക്കാനായി ഇരുവരും വീട്ടിലെത്തി 20 മിനിറ്റിനകം അപകടം സംഭവിക്കുകയായിരുന്നു.


രാത്രി 10.20നുണ്ടായ അപകടത്തിൽ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്. സന്ധ്യയ്ക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയിരുന്നു. ദേശീയപാതയ്ക്കായി അശാസ്ത്രീയമായി മണ്ണെടുത്തതിനെ തുടർന്നാണ് പ്രദേശത്ത് അപകടമുണ്ടായതെന്നാണ് ആരോപണം.

Previous Post Next Post