പിഎം ശ്രീ വിവാദം: മുഖ്യമന്ത്രി വിളിച്ചില്ല, ചര്‍ച്ചയുടെ വാതില്‍ എപ്പോഴും തുറന്നിരിക്കുമെന്ന് ബിനോയ് വിശ്വം

പിഎം ശ്രീ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

മുഖ്യമന്ത്രി വിളിച്ചാല്‍ സംസാരിക്കുമെന്നും ചർച്ചക്കുള്ള വാതില്‍ എപ്പോഴും തുറന്നിരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എല്‍ഡിഎഫ് എല്‍ഡിഎഫ് ആയി തന്നെ നിലനില്‍ക്കും. എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐയും സിപിഎമ്മും. ഇന്ന് ചേരുന്ന സിപിഐ എക്സിക്യുട്ടീവില്‍ വിശദമായ ചർച്ച നടക്കും. സമവായ നീക്കം ഉണ്ടോ എന്ന് അറിയില്ലെന്നും ഏറ്റവും ശരിയായ തീരുമാനം യോഗത്തില്‍ കൈക്കൊള്ളുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സിപിഐ എക്സിക്യുട്ടീവ് ഇന്ന് ആലപ്പുഴയില്‍ നടക്കും

പിഎം ശ്രീ വിവാദത്തിനിടെ സിപിഐയുടെ എക്സിക്യൂട്ടീവ് ഇന്ന് ആലപ്പുഴയില്‍ ചേരുന്നത്. കരാറില്‍ നിന്ന് പിന്മാറണമെന്ന പാർട്ടി ആവശ്യത്തോട് ഇതുവരെ വിദ്യാഭ്യാസവകുപ്പും സിപിഎമ്മും അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതിനാല്‍ സിപിഐ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാനാണ് സാധ്യത. മന്ത്രിസഭയെ നോക്കുകുത്തിയാക്കി ചർച്ച കൂടാതെ മുന്നണി മര്യാദ ലംഘിച്ചാണ് കരാർ ഒപ്പിട്ടതെന്നാണ് പാർട്ടി വിലയിരുത്തല്‍. മന്ത്രിമാരെ കാബിനറ്റ് യോഗത്തില്‍ നിന്ന് പിൻവലിപ്പിക്കണം, മന്ത്രിമാരെ രാജിവെപ്പിക്കണം എന്നതടക്കമുള്ള കടുത്ത നിർദ്ദേശങ്ങളാണ് പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയർന്നത്. അന്തിമ തീരുമാനം ഇന്ന് കൈക്കൊള്ളും. കടുത്ത തീരുമാനമെടുക്കാൻ കേന്ദ്ര നേതൃത്വത്തിൻ്റെയും പിന്തുണയുണ്ട്.
Previous Post Next Post