ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. നവംബർ ആറിനും നവംബർ പതിനൊന്നിനുമാണ് വോട്ടെടുപ്പെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. വോട്ടണ്ണെൽ നവംബർ പതിനാലിനാണ്. സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.
ആകെ വോട്ടർമാരുടെ എണ്ണം 7.43 കോടിയാണ്. 3.92 കോടി പുരുഷൻമാരും 3.5 കോടി സ്ത്രികളും ഉൾപ്പെടുന്നു. പുതിയ വോട്ടർമാരുടെ എണ്ണം 14 ലക്ഷമാണ്. 90,712 പോളിങ് ബൂത്തുകളാണ് ഉളളത്.എല്ലാ ബൂത്തിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തും. പോളിങ് ബൂത്തുകളിൽ മൊബൈൽ ഫോണിന് വിലക്കുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.
വോട്ടെടുപ്പിന് മുന്നോടിയായി കനത്ത സുരക്ഷയൊരുക്കുമെന്നും കൂടുതൽ കേന്ദ്ര സേനയെ വിന്യസിക്കുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. വ്യാജ വാർത്ത തടയാൻ ജില്ലാ തല ടീമുകളെ വിന്യസിക്കും. 22 വർഷത്തിന് ശേഷം ബിഹാറിൽ വോട്ടർ പട്ടിക ശുദ്ധീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഇവിഎമ്മിൽ സ്ഥാനാർഥികളുടെ കളർഫോട്ടോ പതിക്കും. യോഗ്യരായ ഒരാളെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കില്ല. ഒരു ബൂത്തിൽ 1200 വോട്ടർമാരാണ് സമ്മതിദാന അവകാശ വിനിയോഗിക്കുക,
ഓഗസ്റ്റ് 1ന് കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 30ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ഇത്തവണ യാതൊരു പ്രശ്നങ്ങളുമില്ലാതെ തെരഞ്ഞെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതെങ്ങനെയാണെന്ന് രാജ്യത്തെ മറ്റുള്ളവർക്ക് ബിഹാർ കാണിച്ചു കൊടുത്തു.
2020ലെ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്നുഘട്ടങ്ങളായാണ് നടന്നത്. നവംബർ 10നായിരുന്നു ഫലപ്രഖ്യാപനം. ഇക്കുറി അധികാരത്തുടർച്ചയുണ്ടാകുമെന്ന് എൻഡിഎ പറയുമ്പോൾ ബിഹാറിലെ നിതീഷ് യുഗത്തിന് അന്ത്യമാകമെന്നാണ് ആർജെഡി കോൺഗ്രസ് സഖ്യത്തിന്റെ അവകാശവാദം.
ബിജെപി, ജനതാദൾ (യുനൈറ്റഡ്), ലോക് ജൻശക്തി പാർട്ടി എന്നിവയാണ് എൻഡിഎ സഖ്യത്തിലുള്ളത്. ആർജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടും. ബിജെപി (80), ജെഡിയു (45), ആർജെഡി(77), കോൺഗ്രസ്(19) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
