സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. അമ്ബലം വിഴുങ്ങികളാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്നും സ്വർണക്കടത്തിലും സ്വർണ്ണ കൊള്ളയിലും കേരളം ഇന്ത്യയില്‍ ഒന്നാമതാണെന്നും അദ്ദേഹം ആരോപിച്ചു.
കൂടാതെ 1999 ല്‍ അബ്കാരി രാജാവ് വിജയമല്യ ശബരിമല ക്ഷേത്രത്തിന് 44 കിലോ സ്വർണ്ണം നല്‍കിയപ്പോള്‍ സ്വർണ്ണവില പവന് 3,000 രൂപ മാത്രംമായിരുന്നു. കിലോഗ്രാമിന് 3,75,000 രൂപ. 2019 ല്‍ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണ പാളി ശബരിമലയില്‍ നിന്നും പുറത്തു കൊണ്ടുപോകുമ്ബോള്‍ പവന് 25,000 രൂപ. കിലോ ഗ്രാമിന് 31,25,000 രൂപ. ഹൈക്കോടതിയുടെ അനുമതി വേണമെന്ന ദേവസ്വം മാനുവല്‍ നിബന്ധന ലംഘിച്ചുകൊണ്ടാണ് സ്വർണ്ണപ്പാളിയുള്ള ദ്വാരപാലക ശില്പം പുറത്തു കൊണ്ടുപോയത്. സ്വർണ്ണം പൂശാൻ കൊണ്ടുവന്നത് ചെമ്ബായിരുന്നുവെന്ന് ചെന്നെയിലെ കമ്ബനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് എന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
സ്വർണ്ണ കൊള്ളയുടെ ഇടനിലക്കാരനായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിന്നിലുള്ളത് അന്നത്തെ ഭരണ നേതൃത്വമാണ്. സ്വർണ്ണ കൊള്ളയുടെ ഉത്തരവാദിത്വം ദേവസ്വം മന്ത്രിമാർക്കും ബോർഡ് അധികാരികള്‍ക്കുമാണ്. വിജയമല്യ ദേവസ്വം ബോർഡിന് സ്വർണ്ണം നല്‍കിയപ്പോഴും സ്വർണപ്പാളി പുറത്തു കൊണ്ടുപോയപ്പോഴും കേരളം ഭരിച്ചിരുന്നത് സിപിഎം സർക്കാരാണ് എന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു.
എന്നാല്‍ ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറയുന്നത്. സ്വർണ്ണപ്പാളി ചെന്നൈയില്‍ കൊണ്ടുപോയതില്‍ ഒരു പാളിച്ചയും ഉണ്ടായിട്ടില്ലെന്നും അത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിലല്ല കൊടുത്തുവിട്ടതെന്നും പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയോട് ചെന്നൈയില്‍ വരാനാണ് പറഞ്ഞത്. മാത്രമല്ല തിരുവാഭരണം പൊലീസ് അകമ്ബടിയിലാണ് കൊണ്ടുപോയത്. കമ്മീഷണറും ഒപ്പമുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. അറ്റകുറ്റപ്പണിക്കായി ഇപ്പോള്‍ കൊണ്ടുപോയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. 2019ലെ ഉത്തരവിലാണ് ചെമ്ബ് പാളികള്‍ എന്ന് പറഞ്ഞിട്ടുള്ളത്. അതില്‍ താൻ എന്താണ് ചെയ്യേണ്ടത്? ഇക്കാര്യം കോടതി അന്വേഷിക്കട്ടെ. സ്മാർട്ട് ക്രിയേഷൻസുമായുള്ള 40 വർഷത്തെ വാറൻ്റി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പേരിലാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഒപ്പം കൂട്ടേണ്ടി വന്നത്. ഇത്തരം അവതാരങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് ഇപ്പോള്‍ മിണ്ടുന്നില്ല. പറയുന്നതൊക്കെയും വങ്കത്തരമാണ്. ആഗോള അയ്യപ്പ സംഗമത്തോടെയാണ് വിവാദം ഉണ്ടായത്. സ്വർണ്ണപ്പാളി വിവാദം സുവർണ്ണാവസരമായി പ്രതിപക്ഷം കണ്ടു. എന്തായാലും വിവാദത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് ആവശ്യപെടാൻ പോകുന്നതെന്നും പി എസ് പ്രശാന്ത് പറഞ്ഞു.