ഗൂഢാലോചനയും അന്വേഷിക്കണമെന്ന് ഇടക്കാല ഉത്തരവ്; ശബരിമല സ്വര്‍ണക്കൊള്ളയില്‍ പുതിയ കേസെടുക്കും

കൊച്ചി:  ശബരിമല സ്വർണക്കൊള്ളയിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിലാണ് ദേവസ്വം ബെഞ്ച് ഈ നിർദേശം നൽകിയത്. സ്വർണക്കവർച്ചയിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും അടക്കം ഗൂഢാലോചന നടന്നതായിട്ടുള്ള എസ്‌ഐടിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി നിർദേശം. കേസ് നവംബർ 15 ന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.


ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പുതിയ കേസെടുക്കാൻ ഹൈക്കോടതി തീരുമാനിച്ചു. നിലവിലെ കേസിലെ കക്ഷികളെ പുതിയ കേസിൽ ഒഴിവാക്കും. ശബരിമല ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപാളി കോടതിയുടെ അനുമതിയില്ലാതെ അഴിച്ചുമാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതിലാണ് ഹൈക്കോടതി ആദ്യം കേസെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൂടുതൽ വസ്തുതകൾ പുറത്തു വന്നത്.


ആദ്യത്തെ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്നിവർ കക്ഷികളാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കക്ഷികൾക്ക് കൈമാറേണ്ടി വരും. ഇത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി തീരുമാനിച്ചതെന്നാണ് വിവരം. പുതിയ കേസിൽ സർക്കാർ, വിജിലൻസ്, ദേവസ്വം ബോർഡ് എന്നിവ മാത്രം കക്ഷികളാകുമെന്നാണ് റിപ്പോർട്ട്. അടച്ചിട്ട മുറിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോർട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിച്ചത്. കോടതിയിൽ നേരിട്ട് ഹാജരായി എസ്പി എസ് ശശിധരനാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിശദീകരിച്ചത്.


കോടതിയിലുണ്ടായിരുന്ന സർക്കാർ, ദേവസ്വം അഭിഭാഷകരെ അടക്കം എല്ലാവരെയും കോടതിയിൽ നിന്നും പുറത്താക്കി. തുടർന്ന് എസ് പി ശശിധരനുമായി ജഡ്ജിമാർ നേരിട്ട് സംസാരിച്ചു. അന്വേഷണം ആരംഭിച്ച് കഴിഞ്ഞ പത്തു ദിവസത്തിനകത്തെ അന്വേഷണ പുരോഗതിയാണ് എസ്‌ഐടി കോടതിയെ അറിയിച്ചത്. കേസ് അന്വേഷിച്ചിരുന്ന ദേവസ്വം ചീഫ് വിജിലൻസ് ഓഫീസറും എസ്പിയുമായ സുനിൽകുമാറും ഇന്നു ഹൈക്കോടതിയിൽ ഹാജരായിരുന്നു. രണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിൽ, മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

Previous Post Next Post