കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്ടിക്ക പ്രവിശ്യയിൽ പാകിസ്ഥാൻ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. പാകിസ്ഥാൻ അതിർത്തിയിലെ കിഴക്കൻ പക്ടിക്ക പ്രവിശ്യയിലെ ഉർഗുണിൽ നിന്ന് ഷരാനയിലേക്ക് സൗഹൃദ മത്സരത്തിൽ പങ്കെടുക്കാൻ പോയ കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) അറിയിച്ചു. പാകിസ്ഥാൻ നടത്തിയ ഭീരുത്വപരമായ ആക്രമണമാണിതെന്നും എസിബി പറഞ്ഞു.
ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ക്രിക്കറ്റ് താരങ്ങൾക്ക് പുറമേ അഞ്ച് പേർ കൂടി ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ആക്രമണത്തെക്കുറിച്ച് എസിബി കൂടുതൽ വിവരങ്ങൾ നൽകിയില്ല. ആക്രമണത്തിന് പിന്നാലെ അടുത്ത മാസം പാകിസ്ഥാൻ, ശ്രീലങ്ക ടീമുകൾക്കൊപ്പമുള്ള ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ പിന്മാറി.
ക്രിക്കറ്റ് താരങ്ങളുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി എസിബി അറിയിച്ചു. പാക് ഭരണകൂടത്തിനെതിരേ ശക്തമായ ഭാഷയിലാണ് എസിബി പ്രതികരിച്ചത്. ഭീരുത്വം നിറഞ്ഞ ആക്രമണമാണ് ഇതെന്ന് എസിബി എക്സിൽ കുറിച്ചു. പാകിസ്ഥാൻ നടത്തുന്ന സമീപകാല ആക്രമണങ്ങളെ അപലപിച്ച് അഫ്ഗാൻ ടി20 ടീം ക്യാപ്റ്റൻ റാഷിദ് ഖാനും രംഗത്തെത്തി. ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറാനുള്ള എസിബി തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. അഫ്ഗാൻ താരങ്ങളായ മുഹമ്മദ് നബിയും ഫസൽഹഖ് ഫാറൂഖിയും സംഭവത്തെ അപലപിച്ചു.
