എതിര്‍പ്പുകള്‍ തള്ളി; പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ച്‌ കേരളം

കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചു.

വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിന് വേണ്ടി ധാരണ പത്രത്തില്‍ ഒപ്പുവച്ചത്. മൂന്ന് വര്‍ഷമായി കേരളം എതിര്‍ത്ത് പോന്ന പദ്ധതിയുമായി സഹകരിച്ചതോടെ തടഞ്ഞുവച്ച്‌ ഫണ്ട് ഉള്‍പ്പെടെ കേരളത്തിന് ലഭ്യമാകും. 1500 കോടിയുടെ എസ്‌എസ്‌എ ഫണ്ടായിരിക്കും കേരളത്തിന് ലഭ്യമാകുക.

മന്ത്രിസഭായോഗത്തില്‍ സിപിഐ ഉയര്‍ത്തിയ എതിര്‍പ്പ് ഉള്‍പ്പെടെ മറികടന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. കേരളം ദേശീയ വിദ്യാഭ്യാസ ചട്ടക്കൂട് അംഗീകരിക്കേണ്ടിവരുമെന്ന സാഹചര്യമായിരുന്നു സിപിഐ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. എതിര്‍പ്പ് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ ഉള്‍പ്പെടെ കണ്ടിരുന്നു.

കേരളം ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച്‌ 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) പൂര്‍ണതോതില്‍ സംസ്ഥാനത്തു നടപ്പാക്കേണ്ടി വരും. 2020ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്. 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃക സ്ഥാപനങ്ങളാക്കി ഉയര്‍ത്തുമെന്നാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 27,000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇന്ത്യയിലെമ്ബാടുമുള്ള കേന്ദ്ര, സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ നടത്തുന്ന സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തു. ഒരു ബ്ലോക്കില്‍ രണ്ട് സ്‌കൂളുകളായിരിക്കും കേരളത്തില്‍ പദ്ധതിയുടെ ഭാഗമാകുക.

2022-23 മുതല്‍ 2026-27 വരെയുള്ള അഞ്ച് വര്‍ഷങ്ങളിലായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതി പ്രകാരം സ്‌കൂളുകളുടെ സമഗ്രമായ വികസനം, സ്പോര്‍ട്സ്, സയന്‍സ്, ഐസിടി, ആര്‍ട്സ് എന്നിവയ്ക്കുള്ള പ്രോത്സാഹനം, ശിശുസൗഹൃദ ഫര്‍ണിച്ചറുകള്‍, ഔട്ട്ഡോര്‍ കളി സാമഗ്രികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനം, സയന്‍സ് സര്‍ക്കിളുകള്‍, ഗണിത സര്‍ക്കിളുകള്‍, സംഗീതം, നൃത്ത സര്‍ക്കിളുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു. മാറി കൃഷിയെ പ്രേത്സാഹിപ്പിക്കുന്ന തരത്തിലുള്ള പഠന രീതി, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, കാര്യങ്ങള്‍ പ്ലാസ്റ്റിക് വിമുക്തം, ജലസംരക്ഷണവും വിളവെടുപ്പും സംബന്ധിച്ച പഠനങ്ങളും ഉണ്ടായിരിക്കും. സ്‌കൂളുകള്‍ ഹരിത വിദ്യാലയങ്ങളായി വികസിപ്പിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
Previous Post Next Post