പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട് തിരുവാഭരണം കമ്മീഷണറുടെ ഇ മെയിൽ പിൻവലിച്ചതിലും ദുരൂഹത. ഈ വർഷം സ്വർണ്ണം പൂശിയതിലാണ് ദുരൂഹത നിറയുന്നത്. നിലവിൽ സ്വർണ്ണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങളിൽ വീണ്ടും സ്വർണ്ണം പൂശാൻ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിന് വൈദഗ്ധ്യമില്ലെന്നാണ് തിരുവാഭരണം കമ്മീഷണർ 2025 ജൂലൈ 30 ന് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് ഇ-മെയിൽ അയച്ചത്.
അതിനാൽ വീണ്ടും സ്വർണം പൂശൽ ദേവസ്വം ആസ്ഥാനത്തു വെച്ചു തന്നെ നടത്തേണ്ടതാണെന്നും മെയിലിൽ ചൂണ്ടിക്കാണിക്കുന്നു. എക്‌സിക്യൂട്ടീവ് ഓഫീസർക്ക് ഇ-മെയിൽ അയച്ച് എട്ടു ദിവസത്തിനകം ഉണ്ണികൃഷ്ണൻ പോറ്റിയുമായി സംഭാഷണം നടക്കുകയും, പിന്നാലെ തിരുവാഭരണം കമ്മീഷണറുടെ ഇ-മെയിൽ പെട്ടെന്ന് പിൻവലിക്കപ്പെടുകയും ചെയ്യുന്നു. അതിനുശേഷമാണ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് തന്നെ വീണ്ടും അറ്റകുറ്റപ്പണി നടത്താൻ നൽകുന്നത്.
ഹൈക്കോടതിയുടെ ഉത്തരവിലാണ് തിരുവാഭരണം കമ്മീഷണറുടെ ഇ-മെയിലും അത് പിൻവലിച്ചതും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതെല്ലാം വിശദമായി അന്വേഷിക്കപ്പെടേണ്ടതാണെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിരീക്ഷിക്കുന്നു. എന്നാൽ തിരുവാഭരണം കമ്മീഷണറുടെ ഇ മെയിൽ പിന്നീട് പിൻവലിച്ചതിൽ ദുരൂഹതയില്ലെന്നും, ദേവസ്വം ബോർഡിന് ഒന്നും ഒളിക്കാനില്ലെന്നുമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നത്.
പുതുതായി വന്ന തിരുവാഭരണം കമ്മീഷണറാണ് സ്മാർട്ട് ക്രിയേഷൻസിന് വൈദഗ്ധ്യമില്ലെന്ന് ചൂണ്ടിക്കാട്ടി മെയിൽ അയക്കുന്നത്. എന്നാൽ അറ്റകുറ്റപ്പണി നടത്താനുള്ള വാറണ്ടി ഉണ്ണികൃഷ്ണൻ പോറ്റിക്കുണ്ട്. ഇതു മനസ്സിലാക്കി മുൻ ഉത്തരവ് പിൻവലിക്കുകയാണ് ചെയ്തതെന്നും പ്രസിഡന്റ് പ്രശാന്ത് പറയുന്നു. അതല്ലാതെ ബോർഡ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശിൽപ്പങ്ങൾ കൊടുത്തയക്കാൻ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
