'ഡിജിപിക്ക് പരാതി നൽകിയിട്ടും നടപടിയില്ല', പൊലീസ് മർദനത്തിൽ ഷാഫി പറമ്പിൽ എംപി കോടതിയിലേക്ക്

കോഴിക്കോട്: പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് വടകര എംപി ഷാഫി പറമ്പിലിന് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. എംപി ആക്രമിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നാരോപിച്ചാണ് നീക്കം. വിഷയത്തിൽ ഷാഫി പറമ്പിൽ എംപി സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.


പേരാമ്പ്ര സംഘർഷത്തിൽ തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നുൾപ്പെടെ വെളിപ്പെടുത്തൽ നടത്തിയിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. സർവീസിൽനിന്ന് പുറത്താക്കിയ ശേഷം രഹസ്യമായി തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണ് തന്നെ ആക്രമിച്ചത് എന്നായിരുന്നു ഷാഫി പറമ്പിലിന്റെ ആരോപണം.


വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ കാണിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു ഷാഫിയുടെ പ്രതികരണം. വിഷയത്തിൽ ഡിജിപിക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി തെളിവുകളോടെ പരാതി നൽകിയിട്ടും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും പാർട്ടി വൃത്തങ്ങൾ ആരോപിച്ചിരുന്നു.


അതിനിടെ, പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജവ്യാർത്തകൾ നൽകിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് അറിയിച്ചിരുന്നു. ആരോണം ഉന്നയിച്ച എംപിക്ക് എതിരെ നിയമ നടപടി സ്വീകരിക്കില്ല. അഭിലാഷ് ആണ് തന്നെ മർദ്ദിച്ചതെന്ന ഷാഫിയുടെ ആരോപണം ഉപയോഗിച്ച് തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചു. ഈ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെയാണ് നടപടി സ്വീകരിക്കുകയെന്നാണ് അഭിലാഷിന്റെ നിലപാട്.

Previous Post Next Post