കാലിലെ മുറിവിന് ചികിത്സ തേടി, വിരലുകള്‍ മുറിച്ചുമാറ്റി; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ പരാതി

ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകൾ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് മുഖപ്പിൽ സീനത്തിനാണ് (58) ദുരനുഭവം ഉണ്ടായത്. സീനത്തിന്റെ വലതുകാലിന്റെ തള്ളവിരലിനോടു ചേർന്നുള്ള രണ്ടുവിരലുകളാണ് മുറിച്ചുമാറ്റിയത്. സീനത്തിന്റെ മകൻ സിയാദ് ആശുപത്രി സൂപ്രണ്ടിനു നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു.


വലതുകാലിലെ വിരലുകൾക്ക് മുറിവുണ്ടായതിനെത്തുടർന്ന് സെപ്തംബർ 27 നാണ് സീനത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 29 ന് ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു. അടുത്ത ദിവസം പ്രധാന ഡോക്ടർമാരെത്തി പരിശോധിച്ചപ്പോഴാണ് വിരലുകൾ മുറിച്ച കാര്യം ബന്ധുക്കൾ അറിയുന്നത്. രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതി തേടാതെ വിരലുകൾ മുറിച്ചുമാറ്റിയതായാണ് ആക്ഷേപം. സംഭവത്തിൽ സിയാദ് ആശുപത്രി സൂപ്രണ്ടിനും, ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകുകയായിരുന്നു.


സീനത്ത് ഗുരുതര പ്രമേഹബാധിതയാണ് എന്നും ഇവരുടെ വിരലുകൾ മുറിച്ചുമാറ്റേണ്ടത് തന്നെയാണ് എന്നാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാറിന്റെ വിശദീകരണം. എന്നാൽ ഇത്തരം നടപടികൾക്ക് മുൻപ് രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതി തേടണം എന്നതാണ് നിബന്ധന. ഈ നടപടി ക്രമങ്ങളിൽ വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. വിഷയം പരിശോധിക്കുന്ന അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കുന്നു.

Previous Post Next Post